ഗാനരചയിതാവ് ഗുൽസാറിനും സംസ്കൃത പണ്ഡിതൻ രാംഭദ്രാചാര്യക്കും ജ്ഞാനപീഠ പുരസ്കാരം

പൂർണമായും കാഴ്ച നഷ്ടപ്പെട്ട രാംഭദ്രാചാര്യക്ക് സംസ്കൃത ഭാഷയിലും വേദ-പുരാണങ്ങളിലും അഗാധമായ പാണ്ഡിത്യമുണ്ട്

Update: 2024-02-17 13:53 GMT

ന്യൂഡല്‍ഹി: 2023ലെ ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത ഉറുദു കവിയും ഹിന്ദി ഗാനരചയിതാവുമായ ഗുൽസാറും സംസ്കൃത പണ്ഡിതൻ രാംഭദ്രാചാര്യയും പുരസ്കാരം പങ്കിട്ടു.

2002ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ഗുല്‍സാറിനെ 2004ല്‍ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. 2013ല്‍ ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരവും ലഭിച്ചു. കൂടാതെ, ഹിന്ദി സിനിമയിലെ വിവിധ രചനകൾക്ക് അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകളും ഗുൽസാറിനെ തേടിയെത്തി.

ചിത്രകൂടിലെ തുളസീപീഠ സ്ഥാപകനാണ് രാംഭദ്രാചാര്യ. അറിയപ്പെടുന്ന ഹിന്ദു ആത്മീയാചാര്യനായ ഇദ്ദേഹം നൂറിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ജനിച്ച് രണ്ട് മാസം മുതൽ പൂർണമായും കാഴ്ചനഷ്ടപ്പെട്ട ഇദ്ദേഹത്തിന് സംസ്കൃത ഭാഷയിലും വേദ-പുരാണങ്ങളിലും അഗാധമായ പാണ്ഡിത്യമുണ്ട്.

2022ൽ ഗോവൻ എഴുത്തുകാരൻ ദാമോദർ മൗസോക്കായിരുന്നു ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമാവകാശമുള്ള സാഹു ജെയ്ൻ കുടുംബം സ്ഥാപിച്ച ജ്ഞാനപീഠം ട്രസ്റ്റ് ആണ് പുരസ്കാരം നൽകുന്നത്. സരസ്വതിദേവിയുടെ വെങ്കല ശില്പം, പ്രശസ്തിപത്രം, 11 ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ് പുരസ്കാരം.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News