സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹരജിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

Update: 2024-03-06 05:30 GMT
Editor : ദിവ്യ വി | By : Web Desk

മുംബൈ: മാവോയിസ്റ്റ് ബന്ധ ആരോപണ കേസില്‍ ഡല്‍ഹി സര്‍വകലാശാല പ്രഫ. ജി.എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഹരജി നല്‍കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റേ ഉത്തരവിനെതിരെയാണ് ഹരജി. സായിബാബയെ മോചിപ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയിലെ ഹരജി. വിചാരണ കോടതി വിധിച്ച ശിക്ഷയ്ക്ക് എതിരായ അപ്പീല്‍ അംഗീകരിച്ചാണ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം സായിബാബയെ വെറുതെ വിട്ടത്.

Advertising
Advertising

സായിബാബ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷയാണ് ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്‍മീകി എസ് മെനേസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. സായിബാബയും (54) മറ്റ് അഞ്ചുപേരും കുറ്റക്കാരാണെന്ന് 2017ലാണ് സെഷന്‍സ് കോടതി വിധിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രിം കോടതി റദ്ദാക്കിയത്. കേസില്‍ വീണ്ടും വാദം കേട്ട് തീര്‍പ്പാക്കാന്‍ ഹൈക്കോടതിയോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. 2022 ഒക്ടോബര്‍ 14നാണ് സായിബാബയെ കുറ്റവിമുക്തനാക്കിയത്. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ 2017 മാര്‍ച്ചിലാണ് മഹാരാഷ്ട്രയിലെ ഗഢ്ചിറോളി സെഷന്‍ കോടതി സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ. ഡല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സായിബാബ, ജെഎന്‍യു സര്‍വ്വകലാശാലയിലെ മുന്‍ വിദ്യാര്‍ഥി ഹേം മിശ്ര, മാധ്യമപ്രവര്‍ത്തകനായിരുന്ന പ്രശാന്ത് റായ് എന്നിവരുള്‍പ്പെടുന്ന അഞ്ച് പേര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിരോധിത ഭീകര സംഘടനയിലെ അംഗത്വം, നിരോധിത സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കല്‍, ആശയങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷയാണ് കോടതി നല്‍കിയത്.

2014ലാണ് കേസില്‍ സായ്ബാബ അറസ്റ്റിലായത്. മറ്റൊരു പ്രതിയായ ഹേം മിശ്രയുടെ മൊഴിപ്രകാരം മാവോയിസ്റ്റുകളുമായി സായ്ബാബ നിരന്തരം ബന്ധം പുലര്‍ത്തിയെന്നായിരുന്നു പൊലീസിന്റെ അവകാശ വാദം.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News