വിമത എം.എൽ.എമാരെ അനുനയിപ്പിക്കാനാകാതെ ഉദ്ധവ് പക്ഷം; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് ബി.ജെ.പി

സഖ്യ സർക്കാറിന്‍റെ പൂർണ പിന്തുണയാണ് ഉദ്ധവ് താക്കറെ പക്ഷത്തിന് ഇപ്പോള്‍ ലഭിക്കുന്നത്

Update: 2022-06-24 00:49 GMT

മുംബൈ: മഹാരാഷ്ട്രയിൽ വിമത എം.എൽ.എമാരെ അനുനയിപ്പിക്കാനാകാതെ മഹാ വികാസ് അഖാഡി. നേരിട്ട് ചർച്ച നടത്താമെന്ന ആവശ്യം ഏക്നാഥ് ഷിൻഡെ തള്ളിയതോടെ അയോഗ്യതാ നടപടികളിലേക്ക് കടക്കാനാണ് ഉദ്ധവ് സർക്കാറിന്‍റെ തീരുമാനം. എന്നാൽ തങ്ങളാണ് യഥാർഥ ശിവസേനയെന്നും നിയമമറിയാമെന്നും ഷിൻഡെ ക്യാംപ് മറുപടി നൽകിയിട്ടുണ്ട്. ശിവസേനയുടെ ഔദ്യോഗിക ചിഹ്നത്തിനായി ഷിൻഡെ തെരഞ്ഞെടുപ്പ് കമ്മീഷനെ ഇന്ന് സമീപിക്കും. സർക്കാറുണ്ടാക്കാനുള്ള തിരക്കിട്ട ചർച്ചകൾ ബി.ജെ.പിയും ആരംഭിച്ചു.

സഖ്യ സർക്കാറിന്‍റെ പൂർണ പിന്തുണയാണ് ഉദ്ധവ് താക്കറെ പക്ഷത്തിന് ഇപ്പോള്‍ ലഭിക്കുന്നത്. സഭയിൽ വിശ്വാസം തെളിയിക്കാനാകുമെന്ന് മഹാവികാസ് അഖാഡി സഖ്യം പ്രതീക്ഷിക്കുന്നുണ്ട്. വിമത ക്യാംപിലുള്ള ഇരുപതിലധികം എം.എൽ.എമാർ തിരികെയെത്തുമെന്നാണ് ഉദ്ധവ് പക്ഷത്തിന്‍റെ കണക്കുകൂട്ടൽ. അതുകൊണ്ട് മറ്റുള്ളവരെ കൂറുമാറ്റ നിരോധന നിയമം പ്രയോഗിച്ച് അയോഗ്യരാക്കാനാണ് നീക്കം. ഷിൻഡെ ക്യാംപ് ഈ നീക്കത്തെ പൂർണമായും തള്ളിക്കൊണ്ട് രംഗത്തെത്തി. എം.എൽ.എമാരെ ഭീഷണിപ്പെടുത്തേണ്ടെന്ന് ഷിൻഡെ ട്വീറ്റ് ചെയ്തു. നിയമം തങ്ങൾക്ക് അറിയാമെന്നായിരുന്നു മുന്നറിയിപ്പ്.

Advertising
Advertising

പാർട്ടിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉള്ളതിനാൽ അയോഗ്യതയെ മറികടക്കാൻ കഴിയുമെന്ന് ഷിൻഡെ പക്ഷം വ്യക്തമാക്കുന്നു. കൂടുതൽ എം.എൽ.എമാർ ഒപ്പമുള്ളതിനാൽ ഔദ്യോഗിക ശിവസേന തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ഷിൻഡെ പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചേക്കും.

അതേസമയം ഡല്‍ഹിയിലെത്തിയ ബി.ജെ.പി മുതിർന്ന നേതാവ് ദേവന്ദ്ര ഫഡ്നാവിസ് ഇന്ന് ദേശീയ നേതൃത്വവുമായി ചർച്ച നടത്തും. സർക്കാർ ഉണ്ടാക്കുന്നതിന് ഔദ്യോഗികമായി തന്നെ ബി.ജെ.പി ഷിൻഡെയുടെയും വിമതരുടെയും പിന്തുണ തേടിയേക്കും. എട്ട് മന്ത്രിസ്ഥാനം ഉൾപ്പെടെ വലിയ വാഗ്‍ദാനങ്ങളാണ് ബി.ജെ.പി വിമതർക്ക് മുന്നിൽ വെച്ചിട്ടുള്ളതെന്നാണ് സൂചന. ശിവസേനയുടെയും എൻ.സി.പിയുടെയും പൂർണ പിന്തുണ ഉള്ളതിനാൽ സർക്കാർ താഴെ വീണാലും മഹാവികാസ് അഖാഡിയായി പ്രതിപക്ഷത്തിരിക്കാനാണ് ഉദ്ധവ് താക്കറെയുടെ തീരുമാനം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News