മോഷണത്തിന് ജോത്സ്യൻ 'നല്ല സമയം' കുറിച്ചു നൽകി, പിന്നാലെ ഒരു കോടി രൂപ കവർന്നു; ഒടുവിൽ സംഭവിച്ചത്

മുഹൂര്‍ത്തം കുറിച്ച് നല്‍കാനായി എട്ടുലക്ഷം രൂപയാണ് ജോത്സ്യന് പ്രതികള്‍ നല്‍കിയത്

Update: 2023-08-22 15:57 GMT
Editor : ലിസി. പി | By : Web Desk

പ്രതീകാത്മക ചിത്രം

പൂനെ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഒരുകോടി രൂപയോളം കൊള്ളയടിച്ച അഞ്ചുപേരെയും മോഷണത്തിന് 'നല്ല സമയം' കുറിച്ച് നൽകിയ ജോത്സ്യനെയും അറസ്റ്റ് ചെയ്തു. കവർച്ച നടന്ന് നാല് മാസത്തിന് ശേഷമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 76 ലക്ഷം രൂപയുടെ സ്വർണവും പണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സച്ചിൻ അശോക് ജഗ്ധാനെ, റൈബ താനാജി ചവാൻ, രവീന്ദ്ര ശിവാജി ഭോസ്ലെ, ദുര്യോധനൻ ധനാജി ജാദവ്, നിതിൻ അർജുൻ മോറെ എന്നിവരാണ് അറസ്റ്റിലായത്.  

പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് ജോത്സ്യൻ സമയം കുറിച്ച് നൽകിയ കാര്യത്തെക്കുറിച്ച് പറഞ്ഞത്. എട്ടു ലക്ഷം രൂപയാണ് ജോത്സ്യനായ രാമചന്ദ്ര ചാവക്ക് പ്രതിഫലമായി നൽകിയത്. ഏപ്രിൽ 21 ന്, ബാരാമതിയിലെ ദേവകത്നഗർ ഏരിയയിലാണ് കവർച്ച നടന്നത്. സാഗർ ഗോഫനെ എന്നയാളുടെ വീട്ടിൽ സ്വർണവും പണവും വിലപിടിപ്പുള്ള വസ്തുക്കളും ഉണ്ടെന്ന് പ്രതികൾക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവർ കവർച്ച നടത്താനുള്ള പദ്ധതി തയ്യാറാക്കി. തുടർന്നാണ് ജ്യോതിഷിയായ രാമചന്ദ്ര ചവാനുമായി കൂടിയാലോചന നടത്തുകയും കവർച്ചക്ക് നല്ല സമയം നിർണയിക്കാൻ എട്ടു ലക്ഷം രൂപ നൽകുകയും ചെയ്തത്.

ജോത്സ്യൻ പറഞ്ഞ സമയമനുസരിച്ച് കവർച്ചക്കാർ സാഗറിന്റെ വീട്ടിൽ കയറി ഭാര്യ തൃപ്തിയെ ക്രൂരമായി മർദിച്ചു. യുവതിയെ കെട്ടിയിട്ട് മർദിച്ച ശേഷം 95 ലക്ഷം രൂപയും 11 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണവും മൊബൈൽ ഫോണുകളുമായി പ്രതികൾ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. പിന്നാലെ ഉപമുഖ്യമന്ത്രി അജിത് പവാറും സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News