ബഹിരാകാശത്തേക്ക് മലയാളിയും; ഗഗൻയാൻ ദൗത്യത്തിൽ നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായരും

ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പോകുന്നവരുടെ പേരുകൾ പ്രധാനമന്ത്രിയാണ് പ്രഖ്യാപിച്ചത്

Update: 2024-02-27 08:34 GMT

തിരുവനന്തപുരം: ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലൂടെ മലയാളി ആദ്യമായി ബഹിരാകാശത്തേക്ക്. ബഹിരാകാശത്തേക്കു പോകുന്ന നാല് പേരിൽ പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ഉൾപ്പെട്ടിട്ടുള്ളത്. വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് സുഖോയ് വിമാനപൈലറ്റാണ്. വിളമ്പിൽ ബാലകൃഷ്ണൻ, കൂളങ്ങാട് പ്രമീള ദമ്പതികളുടെ മകനാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. 1999ലാണ് ഇദ്ദേഹം ഇന്ത്യൻ വ്യോമസേനയിൽ ചേർന്നത്. പാലക്കാട് അകത്തേത്തറ എൻജിനിയറിംഗ് കോളേജ് വിദ്യാർഥിയായിരിക്കേ ദേശീയ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. പിന്നീട് യുഎസ് എയർകമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി.

Advertising
Advertising

ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണ് പ്രശാന്തിനൊപ്പം ഗഗൻയാത്ര ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പോകുന്നവരുടെ പേരുകൾ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തി(വി.എസ്.എസ്.സി)ൽ നടന്ന ചടങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്. ഇന്ത്യക്ക് വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ഇറങ്ങാനായെന്നും ശിവ ശക്തി പോയിന്റ് ഇന്ത്യയുടെ കഴിവിനെ ചൂണ്ടി കാട്ടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 40 വർഷത്തിന് ശേഷം ഇന്ത്യക്കാരൻ ബഹിരാകാശത്ത് പോകുന്നുവെന്നും ഗഗൻയാൻ യാത്രികർ ഇന്ത്യയുടെ അഭിമാനമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇവരുടെ പേര് ഇരുപതൊന്നാം നൂറ്റാണ്ടിന്റെ ഭാഗമാണെന്നും ഇന്ത്യ ഇനിയും ചന്ദ്രനിൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 2035 ൽ ഇന്ത്യ സ്വന്തമായി ബഹിരാകാശ സ്റ്റേഷൻ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

ഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ പി.എസ്.എൽ.വി ഇന്റഗ്രേഷൻ ഫെസിലിറ്റി, മഹേന്ദ്രഗിരിയിലെ ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ പുതിയ സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും, തിരുവനന്തപുരം വി.എസ്.എസ്.സിയിൽ ട്രൈസോണിക് വിൻഡ് ടണൽ എന്നിവയാണ് ഇന്ന് ഉദ്ഘാടനം നിർവഹിച്ച പദ്ധതികൾ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News