അധികകാലം നില്‍ക്കില്ല, ഷിന്‍ഡെ സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് മമത ബാനര്‍ജി

ഈ സർക്കാർ തുടരില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് അധാർമ്മികമായ ജനാധിപത്യ വിരുദ്ധ സർക്കാരാണ്

Update: 2022-07-04 09:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊല്‍ക്കൊത്ത: മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെയും നേതൃത്വത്തിലുള്ള പുതിയ മഹാരാഷ്ട്ര സർക്കാരിന് അധികകാലം ആയുസില്ലെന്നും ഉടന്‍ വീഴുമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തിങ്കളാഴ്ച കൊൽക്കത്തയിൽ ആരംഭിച്ച ഇന്ത്യാ ടുഡേ കോൺക്ലേവ് ഈസ്റ്റിന്‍റെ അഞ്ചാമത് എഡിഷനിൽ സംസാരിക്കുകയായിരുന്നു മമത.

"ഈ സർക്കാർ തുടരില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് അധാർമ്മികമായ ജനാധിപത്യ വിരുദ്ധ സർക്കാരാണ്. അവർ സർക്കാർ രൂപീകരിച്ചിരിക്കാം. പക്ഷേ അവർ മഹാരാഷ്ട്രയുടെ ഹൃദയം കീഴടക്കിയില്ല'' മമത പറഞ്ഞു. ''നിങ്ങളുടെ അധികാരം ദുരുപയോഗം ചെയ്ത് ജനാധിപത്യത്തെ തകര്‍ക്കാന്‍ നിങ്ങൾക്ക് കഴിയും. എന്നാൽ ഈ രാജ്യത്തെ ജനങ്ങൾ ജനാധിപത്യ മാർഗങ്ങൾ ഉപയോഗിച്ച് നിങ്ങളെ തകര്‍ക്കും'' മഹാരാഷ്ട്രയിലെ ശിവസേന വിമത എം.എൽ.എമാർക്ക് അസമിൽ ബി.ജെ.പി പണവും മറ്റും നൽകിയെന്ന് മമത ബാനർജി ആരോപിച്ചു. തന്‍റെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെക്കുറിച്ചും മമത പറഞ്ഞു. ''അതുകൊണ്ട് എന്താണ് ദോഷം? ജനങ്ങൾ അദ്ദേഹത്തെ രണ്ടുതവണ തിരഞ്ഞെടുത്തു. യുവതലമുറ രാജ്യത്തിന്‍റെ ഭരണം ഏറ്റെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? മമത ചോദിച്ചു.

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും ഷിന്‍ഡെ സര്‍ക്കാരിനെതിരെ പ്രതികരിച്ചിരുന്നു. ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആറു മാസത്തിനുള്ളില്‍ വീഴുമെന്നായിരുന്നു പവാറിന്‍റെ പ്രതികരണം. ആറ് മാസത്തിനുള്ളിൽ സംസ്ഥാനം വീണ്ടും ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുമെന്നും എൻസിപി യോഗത്തിൽ പവാർ പറഞ്ഞു. ഷിൻഡേയെ പിന്തുണക്കുന്ന പല എംഎൽഎമാരും നിലവിലെ രീതികളിൽ സന്തുഷ്ടരല്ല. മന്ത്രിമാരെ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് എത്തിയാൽ എംഎൽഎമാരുടെ അതൃപ്തി പുറത്തുവരും. ഇതോടെ സർക്കാർ പൂർണമായും തകരും. ഷിൻഡെ സർക്കാരിന്‍റെ തകർച്ചയോടെ പല വിമത എം.എൽ.എമാരും ശിവസേനയിലേക്ക് തിരിച്ചെത്തുമെന്നും പവാര്‍ പറഞ്ഞിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News