ഒരു കയ്യിൽ ഭാര്യയുടെ ഛേദിച്ച തലയും മറുകയ്യിൽ ആയുധവുമായി ഭർത്താവ് ക്ഷേത്രത്തിൽ; 'ഞാൻ സൈക്കോ' എന്ന് വിളിച്ചുപറഞ്ഞതോടെ ഭയന്നോടി നാട്ടുകാർ
ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ അയൽവാസിയാണ് ഭാര്യയുടെ ഛേദിക്കപ്പെട്ട തലയുമായി ശാന്തനായി ഇരിക്കുന്ന റിൻ്റുവിനെ കണ്ടത്
കൊൽക്കത്ത: പശ്ചിമബംഗാൾ ദക്ഷിൺ ദിനാജ്പൂർ ജില്ലയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. 47കാരനായ റിൻ്റു ഘോഷ് എന്നയാളാണ് ഭാര്യ സീമ സർക്കാറിനെ(42) കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം വേർപെട്ട തലയുമായി പ്രദേശത്തെ ക്ഷേത്രത്തിനുള്ളിൽ ഇരുന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗംഗാരാംപൂർ നാരായൺപൂരിലെ നാലാം വാർഡിലാണ് നാടിനെ നടുക്കിയ കൊലപാതകം. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ അയൽവാസിയാണ് ഭാര്യയുടെ ഛേദിക്കപ്പെട്ട തലയുമായി ശാന്തനായി ഇരിക്കുന്ന റിൻ്റുവിനെ കണ്ടത്. അയാൾ ഭയന്നുനിലവിളിച്ചതോടെ നാട്ടുകാർ തടിച്ചുകൂടി. തുടർന്ന് ഒരു കയ്യിൽ ഭാര്യയുടെ തലയും മറുകയ്യിൽ കൊലപാതകത്തിന് ഉപയോഗിച്ച മൂർച്ചയേറിയ ആയുധവുമായി റിൻ്റു ഘോഷ് ക്ഷേത്രത്തിന് പുറത്തേക്ക് വന്നു. ഇതോടെ ആളുകൾ ഭയന്നോടി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രദേശം വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ വീട്ടുപറമ്പിൽ നിന്നാണ് തലയില്ലാത്ത ഉടൽ പൊലീസ് കണ്ടെടുത്തത്. പൊലീസിൻ്റെ വാഹനത്തിലേക്ക് മാറ്റുന്നതിനിടെ "ഞാൻ സൈക്കോയാണ്" എന്ന് പ്രതി അലറിവിളിച്ചു പറയുന്നുണ്ടായിരുന്നു.
അഞ്ചും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളുടെ പിതാവാണ് ബസ് കണ്ടക്ടറായിരുന്ന റിൻ്റു ഘോഷ്. കൊലപാതകം നടക്കുമ്പോൾ കുട്ടികൾ വീട്ടിലുണ്ടായിരുന്നുവെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അഭിഷേക് ഗുപ്ത വ്യക്തമാക്കി. ദാമ്പത്യ തർക്കങ്ങളാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതി ലഹരിയിലായിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്.
സർക്കാർ ബസിലെ കണ്ടക്ടർ ജോലി നഷ്ടപ്പെട്ടതിന് ശേഷമാണ് റിൻ്റുവിൻ്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു. അടുത്തകാലത്തായി ഇയാൾ സസ്യാഹാരം മാത്രമാണ് കഴിച്ചിരുന്നത്. മന്ത്രവാദിക്ക് സമാനമായി പെരുമാറുകയും ചെയ്തിരുന്നതായി ബന്ധുവായ രാജേഷ് പ്രാമാണിക് വ്യക്തമാക്കി.
സംഭവസ്ഥലത്തുനിന്ന് ഫൊറൻസിക് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.