'ജനാധിപത്യ ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾക്ക്‌ സംഭവിക്കുന്നതെന്താണ്?'; ലൈലത്തുൽ ഖദ്‌റിന്റെ രാവിൽ ഇന്ത്യൻ മുസ്‌ലിംകൾക്കായി പ്രാർഥിക്കുന്നുവെന്ന് മെസ്യൂട്ട് ഓസിൽ

'ബ്രേക് ദി സൈലൻസ് - നിശബ്ദത വെടിയാം എന്ന ഹാഷ്ടാഗോടെ ഡൽഹി ജുമാ മസ്ജിദിന് മുമ്പിലെ ജനക്കൂട്ടത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു പ്രതികരണം

Update: 2022-04-27 18:54 GMT
Advertising

ലൈലത്തുൽ ഖദ്‌റിന്റെ രാവിൽ ഇന്ത്യൻ മുസ്‌ലിംകൾക്കായി പ്രാർഥിക്കുന്നുവെന്ന് മുൻ ജർമൻ ഫുട്‌ബോളർ മെസ്യൂട്ട് ഓസിൽ. ലജ്ജാകരമായ ഈ സാഹചര്യത്തിൽ നമുക്ക് ബോധവത്കരണം നടത്താമെന്നും ഇന്ത്യയിലെ മുസ്‌ലിം സഹോദരന്മാർക്കും സഹോദരിമാർക്കുമായി പ്രാർഥിക്കാമെന്നും താരം ട്വിറ്ററിൽ കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അറിയപ്പെടുന്ന ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾക്ക്‌ സംഭവിക്കുന്നതെന്താണെന്നും താരം ചോദിച്ചു. 'ബ്രേക് ദി സൈലൻസ് - നിശബ്ദത വെടിയാം എന്ന ഹാഷ്ടാഗോടെ ഡൽഹി ജുമാ മസ്ജിദിന് മുമ്പിലെ ജനക്കൂട്ടത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു പ്രതികരണം.


മതസ്വാതന്ത്ര്യം ഗണ്യമായി വഷളാകുന്നതിനാൽ തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് യു.എസ് ഏജൻസി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മതസ്വാതന്ത്ര്യം നഷ്ടപ്പെടുന്ന 15 രാജ്യങ്ങളുടെ പട്ടികയിലാണ് യുനൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻറർനാഷണൽ റിലീജ്യസ് ഫ്രീഡം(USCIRF) ഇന്ത്യയെയും ഉൾപ്പെടുത്തിയിരുന്നത്. അഫ്ഗാനിസ്ഥാൻ, ബർമ, ചൈന, എരിത്രിയ, ഇറാൻ, നൈജീരിയ, നോർത്ത് കൊറിയ, പാകിസ്താൻ, റഷ്യ തുടങ്ങിയ 15 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്താൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിനോട് ഏജൻസി ആവശ്യപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് യു.എസ്.സി.ഐ.ആർ.എഫ് 2022 ലെ വാർഷിക റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2021ൽ ഇന്ത്യയിലെ മതസ്വാതന്ത്ര്യം വളരെ വഷളായെന്നും കേന്ദ്ര സർക്കാറിന്റെ അജണ്ടകൾ മുസ്ലിംകൾ, ക്രിസ്ത്യാനികൾ, സിഖ്, ദലിത് തുടങ്ങിയ മതന്യൂനപക്ഷങ്ങളെ മോശമായി ബാധിച്ചുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തോടെ നിലവിലുള്ള നിയമങ്ങളിലൂടെയും പുതിയ നിർമിച്ചും ദേശീയ- സംസ്ഥാന തലങ്ങളിൽ സർക്കാർ പ്രവർത്തിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. റിപ്പോർട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിന്റെ മേൽവിലാസത്തിലല്ല പുറത്തിറങ്ങിയിട്ടുള്ളത്. മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന ഏജൻസിയുടെ വിലയിരുത്തലാണ്.


നേരത്തെ രണ്ടു വർഷവും ഇന്ത്യ കമ്മീഷന്റെ വിലയിരുത്തൽ തള്ളിയിരുന്നു. ആരോപണം പക്ഷം ചേർന്നുള്ളതാണെന്ന് ആരോപിച്ചായിരുന്നു നീക്കം. യു.എ.പി.എ പ്രകാരം അറസ്റ്റിലായിരുന്ന ഫാദർ സ്റ്റാൻ സ്വാമി, മനുഷ്യാവകാശ പ്രവർത്തകൻ ഖുർറം പർവേസ് എന്നിവരെ കുറിച്ചുള്ള വിവരങ്ങളും കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. 2021 ഒക്ടോബറിൽ കർണാടക സർക്കാർ ചർച്ചുകളുടെയും പുരോഹിതരുടെയും സർവേ നടത്താൻ ഉത്തരവിട്ടതും ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ടവരുടെ കണക്കെടുത്തതും റിപ്പോർട്ടിൽ പരാമർശിച്ചു. കുറച്ച് ആഴ്ചകൾക്ക് മുമ്പ് ഇന്ത്യയുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ രാജ്യത്തെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Mesut Ozil says he prays for Indian Muslims on the night of Laylat al-QadrMesut Ozil says he prays for Indian Muslims on the night of Laylat al-Qadr

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News