തകർന്നു വീണത് അത്യാധുനിക കോപ്റ്റർ; റഷ്യൻ നിർമിതം

മണിക്കൂറിൽ 250 കിലോമീറ്ററാണ് പരമാവധി വേഗം

Update: 2021-12-08 11:26 GMT
Editor : abs | By : Web Desk

ഊട്ടിയിൽ തകർന്നു വീണ, സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച എംഐ-17 വി-5 ഹെലികോപ്റ്റർ റഷ്യൻ നിർമിതം. മിലിട്ടറി ട്രാൻസ്‌പോർട്ട് വിഭാഗത്തിൽപ്പെടുന്ന കോപ്റ്ററാണിത്. മോസ്‌കോ ആസ്ഥാനമായ റഷ്യൻ ഹെലികോപ്‌റ്റേഴ്‌സ് കമ്പനിയുടെ ഉപവിഭാഗമായ കസാൻ ഹെലികോപ്‌റ്റേഴ്‌സാണ് എംഐ 17വി-5 നിർമിക്കുന്നത്.

ലോകത്തെ ഏറ്റവും ആധുനികമായ യാത്രാ കോപ്റ്ററായാണ് ഇവ അറിയപ്പെടുന്നത്. സേനാ വിന്യാസം, സൈനികരുടെ സഞ്ചാരം, അഗ്നി ശമനാദൗത്യം, എസ്‌കോർട്ട്, പട്രോൾ തുടങ്ങിയവയ്ക്കാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.

2008ലാണ് ഇന്ത്യ ഈ വിഭാഗത്തിലുള്ള 80 കോപ്റ്ററുകൾ വാങ്ങാൻ കരാർ ഒപ്പുവച്ചത്. 1.3 ബില്യൺ യുഎസ് ഡോളറിന്റേതായിരുന്നു കരാർ. ഇതിൽ ആദ്യത്തെ ബാച്ച് 2013ലാണ് എത്തിയത്. അവസാന ബാച്ച് 2018ലും സേനയുടെ ഭാഗമായി. സൈനികരെ കൊണ്ടു പോകാനും ചരക്കു കടത്തിനുമായി ഉപയോഗിക്കുന്ന 36 സീറ്റുള്ള വേരിയന്റ് വരെ ഈ കോപ്റ്ററിനുണ്ട്. പൈലറ്റ്, സഹപൈലറ്റ്, ഫ്‌ളൈറ്റ് എഞ്ചിനീയർ എന്നിവർ അടങ്ങുന്ന മൂന്നംഗ ക്രൂവാണ് കോപ്റ്റർ പ്രവർത്തിപ്പിക്കുന്നത്. 

Advertising
Advertising

മണിക്കൂറിൽ 250 കിലോമീറ്ററാണ് പരമാവധി വേഗം. പ്രധാന ടാങ്കിലെ ഇന്ധനം വഴി 675 കിലോമീറ്റർ സഞ്ചരിക്കാം. 1180 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന രണ്ട് ഓക്‌സിലറി ഇന്ധന ടാങ്കുകളുമുണ്ട്. നാലായിരം കിലോ വരെ ഭാരം വഹിക്കാനാകും. ചണ്ഡീഗഡിലാണ് കോപ്റ്ററിന്റെ റിപ്പയറിങ് സ്റ്റേഷൻ. 

ഇതാദ്യമായല്ല എംഐ-17 വി-5 അപകടത്തിൽപ്പെടുന്നത്. 2017ൽ അരുണാചൽ പ്രദേശിലുണ്ടായ അപകടത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടിരുന്നു. ഉത്തരാഖണ്ഡിലെ പ്രളയ രക്ഷാദൗത്യത്തിനിടെയും ഈ വിഭാഗത്തിൽപ്പെട്ട കോപ്ടർ അപകടത്തിൽപ്പെട്ടിരുന്നു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News