ന്യൂഡല്‍ഹി: എഎപി സര്‍ക്കാറിന്റെ അഭിമാന പദ്ധതികളിലൊന്നായ മൊഹല്ല ബസ് സർവീസിന്റെ പേര് മാറ്റാനൊരുങ്ങി ഡല്‍ഹിയിലെ ബിജെപി സര്‍ക്കാര്‍. നമോ ബസ് അല്ലെങ്കിൽ അന്ത്യോദയ ബസ് എന്നാണ് പുതുതായി നല്‍കാനൊരുങ്ങുന്ന പേരുകള്‍.
എന്‍ഡിടിവിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ ഒന്നു മുതലായിരിക്കും മാറ്റം. 200 ഇലക്ട്രിക് ബസുകളാണ് പുതുതായി നിരത്തിലിറക്കുന്നത്.
പരിമിതമായ റോഡ് സൗകര്യങ്ങളുള്ള പ്രദേശങ്ങളിലേക്കും പൊതുഗതാഗത സംവിധാനത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനുമായി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാരാണ് കഴിഞ്ഞ വർഷം മൊഹല്ല ബസ് സർവീസ് ആരംഭിച്ചത്.
അതേസമയം പുതിയ ബസുകള്‍ക്കായുള്ള ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്ന് ഗതാഗതമന്ത്രി പങ്കജ് സിങ് അറിയിച്ചു. വനിതകള്‍ക്ക് സൗജന്യസര്‍വീസ് തുടരുമെന്ന് ഉറപ്പുനല്‍കിയ മന്ത്രി, നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ ലാഭകരമാക്കുമെന്നും അവകാശപ്പെട്ടു.
ഇതാദ്യമായല്ല ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പേരുകളില്‍ കൈ വെക്കുന്നത്. നേരത്തെ, മൊഹല്ല ക്ലിനിക്കുകളെ ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന് പുനർനാമകരണം ചെയ്യണമെന്ന നിര്‍ദേശമുണ്ടായിരുന്നു.
നജഫ്ഗഢ്, മുഹമ്മദ്പൂർ, മുസ്തഫാബാദ് തുടങ്ങിയ പ്രദേശങ്ങളുടെ പേരുമാറ്റവും ബിജെപി എംഎല്‍എമാര്‍ നിര്‍ദേശിക്കുന്നുണ്ട്. ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ എഎപിയെ തോൽപിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ അടക്കമുള്ള എഎപിയുടെ പ്രമുഖർ തെരഞ്ഞെടുപ്പിൽ തോറ്റിരുന്നു.