മദർ തെരേസ അവശതയെ മതപരിവർത്തന ഉപകരണമാക്കി; ലോകത്ത് ഏറ്റവുമധികം കുഷ്ഠരോഗികളെ ശുശ്രൂഷിച്ചത് കാശിയിലെ കുഷ്ഠാശ്രമം: സ്വാമി ആനന്ദവനം ഭാരതി
'ദയനീയത കാണിച്ച് ഒരു തത്വദീക്ഷയുമില്ലാതെ ഭീകരമായ ഫണ്ട് വാങ്ങുകയാണ് മദർ തെരേസയുടെ സംഘടനയായ മിഷനറീസ് ഓഫ് ചാരിറ്റി ചെയ്തത്'.
Photo| Special Arrangement
ന്യൂഡൽഹി: മദർ തെരേസ അവശതയെ മതപരിവർത്തനത്തിനുള്ള ഉപാധിയാക്കി മാറ്റുകയായിരുന്നുവെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി. സംഘ്പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന 'ബ്രേവ് ഇന്ത്യ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വർ പദവിയിലെത്തുന്ന ആദ്യ മലയാളി കൂടിയായ സ്വാമി ആനന്ദവനം ഭാരതി ആരോപണം ഉന്നയിച്ചത്. വരാണസിയിലെ കുഷ്ഠാശ്രമമാണ് ലോകത്ത് ഏറ്റവുമധികം കുഷ്ഠരോഗികളെ ചികിത്സിച്ചതെന്നും എന്നാൽ വലിയ പ്രചാരണം കൊടുക്കാത്തത് കൊണ്ടാണ് അതിന് ശ്രദ്ധ കിട്ടാതെ പോയതെന്നും സ്വാമി അവകാശപ്പെട്ടു.
ഹിന്ദു സമൂഹം സേവാ പ്രവർത്തനങ്ങളിൽ പിന്നാക്കമാണെന്ന വിമർശനത്തോട് പ്രതികരിച്ചാണ് സ്വാമി ആനന്ദവനം ഭാരതി ഇക്കാര്യം പറഞ്ഞത്. 'ലോകത്ത് ഏറ്റവും കൂടുതൽ കുഷ്ഠരോഗികളെ ചികിത്സിച്ചതിനും അവരെ സുഖപ്പെടുത്തിയതിനുമുള്ള ലോക റെക്കോർഡ് കാശിയിലെ കുഷ്ഠാശ്രമത്തിനാണ്, ഒരു ഹിന്ദു ആശ്രമത്തിനാണ്. തെരേസ അവിടെ ചെയ്ത കാര്യം ഈ അവശതയെ മതപരിവർത്തനത്തിനുള്ള ടൂളായി ഉപയോഗിക്കുക എന്നുള്ളതാണ്'.
'ഈ ദയനീയത കാണിച്ച് ഒരു തത്വദീക്ഷയുമില്ലാതെ ഭീകരമായിട്ടുള്ള ഫണ്ട് വാങ്ങി മിഷനറീസ് ഓഫ് ചാരിറ്റി എന്ന അവരുടെ പ്രസ്ഥാനത്തിന് സ്ഥലവും ഭൂമിയും സ്വത്തുക്കളും വാങ്ങാൻ ഉപയോഗിച്ചു. ആവശ്യമായ പെയിൻ കില്ലർ പോലുമില്ലാതെയാണ് ഈ കുഷ്ഠരോഗികളെ തെരുവിൽ നിന്ന് കൊണ്ടുവന്ന് ഇവിടെ ഇട്ടിരുന്നത് എന്നാണ് അന്ന് അവിടെ പോയിട്ടുള്ള ആളുകൾ പോലും പറയുന്നത്. അപ്പോൾ അങ്ങനെ അതിനെ പ്രൊപഗണ്ടയ്ക്ക് വേണ്ടി മാത്രം ഉപയോഗിച്ചു. യഥാർഥത്തിലുള്ള സേവനം ചെയ്യുകയല്ല, മറിച്ച് മതപരിവർത്തനത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു'.
'അവസാന നിമിഷം അവർ (കുഷ്ഠരോഗികൾ) മരിക്കുന്ന സമയത്ത് ആണെങ്കിലും ക്രിസ്ത്യാനിയാക്കുക, ക്രിസ്ത്യാനിയായി മരിച്ചു എന്ന ലിസ്റ്റിലേക്ക് പേര് കയറ്റുക, ഈ മിഷനറീസ് ഓഫ് ചാരിറ്റിക്ക് നേട്ടം കൊയ്യാനുള്ള സംഗതി ഉണ്ടാക്കുകയാണ് ചെയ്തത്. പക്ഷേ, ഈ കുഷ്‌ഠാശ്രമത്തെ കുറിച്ച് മറ്റാർക്കും അറിയില്ല. ഗിന്നസ് റെക്കോർഡ് ഉള്ളത് ഈ കുഷ്ഠാശ്രമത്തിനാണ്. അതൊരു ക്ലാസിക് ഉദാഹരണം ആയിട്ട് പറഞ്ഞതാണ്'- സ്വാമി ആനന്ദവനം ഭാരതി കൂട്ടിച്ചേർത്തു.
ധർമത്തിനെതിരായ എല്ലാ ചിന്തകളുടെയും പ്രവർത്തനങ്ങളുടേയും പ്രഭവ കേന്ദ്രവും മൂലസ്ഥാനവും കേരളവും ദക്ഷിണ ഭാരതവും ആയതിനാൽ ഇവിടെ സന്യാസിമാരുടെ നേതൃത്വത്തിൽ ശക്തമായ ധാർമിക വ്യവസ്ഥ വേണമെന്ന് അഖാഡയുടെ ഗുരുമൂർത്തികൾ ആലോചിച്ചതിൻ്റെ ഫലമായാണ് താൻ മഹാമണ്ഡലേശ്വർ പദവിയിൽ എത്തിച്ചേർന്നതെന്നും സ്വാമി ആനന്ദവനം കൂട്ടിച്ചേർത്തു.
2025 ജനുവരി 26നാണ് സ്വാമി ആനന്ദവനം ഭാരതി മഹാമണ്ഡലേശ്വർ പദവിയിൽ എത്തിയത്. ഉത്തർപ്രദേശിലെ അലഹാബാദിൽ നടന്ന മഹാ കുംഭമേളയിൽ വച്ചാണ് ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വരായി അദ്ദേഹത്തെ അവരോധിച്ചത്. തൃശൂർ ചാലക്കുടി സ്വദേശിയായ ഇദ്ദേഹത്തിൻ്റെ പഴയ പേര് പി. സലിൽ എന്നായിരുന്നു. എസ്എഫ്ഐ നേതാവായിരുന്ന ഇദ്ദേഹം മാതൃഭൂമിയിൽ പത്രപ്രവർത്തകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.