മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ തമിഴ്നാടിന് സുപ്രിംകോടതി അനുമതി
മുല്ലപ്പെരിയാര്‍ അണക്കെട്ട് അറ്റക്കുറ്റപ്പണിയില്‍ നിര്‍ദേശങ്ങളുമായി സുപ്രിം കോടതി
ഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതി ഭാഗമായി മരം മുറിയ്ക്കാൻ തമിഴ്നാടിന് സുപ്രിം കോടതിയുടെ അനുമതി. ഡാമിലെ അറ്റകുറ്റ പണി നടക്കാനും ജസ്റ്റിസ് സൂര്യകാന്ത് മിശ്ര അധ്യക്ഷനായ മൂന്നംഗം ബെഞ്ച് അനുമതി നൽകി. തമിഴ്‌നാടിന്‍റെ അപേക്ഷ രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളം കേന്ദ്രത്തിന് കൈമാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. മരം മുറിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മന്ത്രാലയം ആണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ തമിഴ്നാട് സമർപ്പിച്ച ഹരജി അംഗീകരിച്ചാണ് സുപ്രിം കോടതി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ബേബി ഡാം ശക്തിപ്പെടുത്താനായി മരം മുറിക്കാനുള്ള ആവശ്യം സുപ്രിം കോടതി ശരിവെച്ചു. റോഡ് നിർമാണത്തിനുള്ള തമിഴ്നാടിന്‍റെ ആവശ്യവും കോടതി അംഗീകരിച്ചു. സുപ്രിം കോടതി നിരീക്ഷണം കേരളത്തിന് തിരിച്ചടിയല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
നിർമാണ പ്രവർത്തനങ്ങൾക്കായുള്ള തമിഴ്നാടിന്‍റെ അപേക്ഷ രണ്ടാഴ്ചയ്ക്കുള്ളിൽ കേരളം കേന്ദ്രത്തിന് അയക്കണം. മൂന്നാഴ്‌ചക്കകം കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നുമാണ് സുപ്രിം കോടതി നിർദേശം നൽകിയിരിക്കുന്നത്. ഡാമിന്‍റെ അറ്റകുറ്റ പണിക്കുള്ള തമിഴ്നാടിന്‍റെ അപേക്ഷ കേരളം അംഗീകരിക്കണമെന്ന് പറഞ്ഞ കോടതി നിർമാണ പ്രവർത്തനങ്ങൾ കേരളത്തിലെ ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തിലാവണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഡാം വിഷയത്തിൽ കേരളം വലിയ രാഷ്ട്രീയ വിവാദം ഉണ്ടാക്കുന്നു എന്ന തമിഴ്നാടിന്‍റെ വാദം തള്ളിയ കോടതി രാഷ്ട്രീയ വിവാദത്തിലേക്ക് കടക്കുന്നില്ലെന്നും നിയമവശം മാത്രമാണ് പരിഗണിക്കുന്നതെന്നും വ്യക്തമാക്കി. 2021ലെ മരം മുറിക്കുള്ള അനുമതി കേരളത്തിന്‍റെ വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ നിർത്തിവച്ചിരുന്നു. അപകട സാധ്യത മുൻനിർത്തി പുതിയ ഡാം വേണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. എന്നാൽ അപകട സാധ്യതയില്ലെന്നും അറ്റകുറ്റപ്പണി നടത്തി 142 അടിയിലേക്ക് സംഭരണ ശേഷി ഉയർത്തണം എന്നാണ് തമിഴ്നാട് വാദിക്കുന്നത്.