മലയാളി വിദ്യാര്‍ഥിയെ മുംബൈയില്‍ കാണാതായെന്ന് പരാതി

ആലുവ സ്വദേശി ഫാസിലിനെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ താമസസ്ഥലത്ത് നിന്നും കാണാതായത്.

Update: 2023-08-29 16:16 GMT
Editor : anjala | By : Web Desk
Advertising

മുബെെ: മലയാളിയായ മാനേജ്മെന്റ് ബിരുദ വിദ്യാര്‍ഥിയെ മുംബൈയില്‍ കാണാതായി. ആലുവ സ്വദേശി ഫാസിലിനെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ താമസസ്ഥലത്ത് നിന്നും കാണാതായത്. കുടുംബം നല്‍കിയ പരാതിയില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ചയ്ക്ക് ശേഷം മകന്റെ ഒരുവിവരവുമില്ലെന്ന് പിതാവ് മീഡിയവണിനോട് പറഞ്ഞു.

മുംബൈ ചര്‍ച്ച്ഗേറ്റിലുളള എച്ച് ആര്‍ കോളജില്‍ മാനേജ്മെന്റ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഫാസില്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 26ന് വൈകീട്ട് ആറ് മണിക്കാണ് കുടുംബവുമായി അവസാനം ഫോണില്‍ സംസാരിച്ചത്. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫുമായി. രണ്ടു ദിവസമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിട്ടും ഒരു വിവരവും ലഭിക്കാതെ വന്നതോടെ പിതാവും സഹോദരനും മകനെ തിരക്കി മഹാരാഷ്ട്രയിലെത്തി. കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുംബൈയിലെത്തും മുൻപ് തന്നെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ചെറിയ രീതിയില്‍ ഫാസില്‍ പണം നിക്ഷേപിച്ചിരുന്നു. എന്നാല്‍ നിക്ഷേപിച്ചതിനേക്കാളും 50000 രൂപ നഷ്ടം വന്നതായി വിദ്യാര്‍ഥി വീട്ടില്‍ അറിയിച്ചിരുന്നു.

പൊലീസ് നടത്തിയ പരിശോധനയില്‍ ഫാസിലിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തിന് മുകളില്‍ സ്റ്റോക് മാര്‍ക്കറ്റ് ഏജന്‍സിയിലേക്ക് പണം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ തുകയ്ക്കായി ഫാസില്‍ ചിലരില്‍ നിന്ന് പണം കടം വാങ്ങിയിട്ടുമുണ്ട്. ഏതെങ്കിലും രീതിയില്‍ ഫാസില്‍ സാമ്പത്തികമായി കബളിപ്പിക്കപ്പെടുകയോ ഭീഷണിക്കിരയാവുകയോ ചെയ്തിട്ടുണ്ടോയെന്ന സംശയവും പൊലീസിനുണ്ട്. ഇക്കാര്യങ്ങള്‍ കൂടി ചേര്‍ത്താണ് അന്വേഷണം പുരോഗമിക്കുന്നത്.

Full View


Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News