മുർഷിദാബാദിലെ സംഘർഷം വർഗീയ കലാപമല്ല,രാഷ്ട്രീയ പ്രേരിതവും പൊലീസ് ഒത്താശയോടെയും നടന്ന അക്രമസംഭവങ്ങൾ; ​വസ്തുതാന്വേഷണ റിപ്പോർട്ട്

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ റാലികളിലേക്ക് കല്ലുകൾ എറിഞ്ഞത് ഹിന്ദുത്വ ഗ്രൂപ്പിൽ അംഗമായിരുന്നയാളുടെ നേതൃത്വത്തിലാണ്​. തുടർന്നുണ്ടായ​ സംഘർഷ​ത്തെ ബിജെപി, ആർഎസ്എസ് തുടങ്ങിയ സംഘടനകൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചതായും വസ്തുതാന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു

Update: 2025-05-04 10:54 GMT

കൊല്‍ക്കത്ത: വിവാദ വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തില്‍ പശ്ചിമബംഗാളിലെ മുർഷിദാബാദില്‍ നടന്ന സംഘർഷം വർഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്.

പ്രദേശത്ത് നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാൻ, ആസൂത്രിതവും രാഷ്ട്രീയ പ്രേരിതവും പൊലീസ് ഒത്താശയോടും കൂടിയും നടന്ന അക്രമസംഭവങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.

ഫെമിനിസ്റ്റ്സ് ഇൻ റെസിസ്റ്റൻസ് (എഫ്ഐആർ), അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് (എപിഡിആർ), നാരി ചേത്ന, കമ്മിറ്റി ഫോർ ദി റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് (സിആർപിപി) എന്നിവരടങ്ങുന്ന 17 അംഗ വസ്തുതാന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുർഷിദാബാദിലെ ഷംഷേർഗഞ്ച് ബ്ലോക്കിന് ചുറ്റുമുള്ള നിരവധി പ്രദേശങ്ങൾ സംഘം സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Advertising
Advertising

സംഘർഷത്തിലെ ഇരകൾ, ദൃക്‌സാക്ഷികൾ, സമീപ പ്രദേശങ്ങളിലെ താമസക്കാർ, രാഷ്ട്രീയ- ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവരുമായി സംസാരിച്ച ശേഷം തയ്യാറാക്കിയ റിപ്പോർട്ടിലെ പ്രധാന കാര്യങ്ങൾ പത്രക്കുറിപ്പിലൂടെ പുറത്തുവിടുകയും ചെയ്തു.

ഏപ്രിൽ 11ന് ധുലിയാനിലെ ഘോഷ്പാറയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ റാലികളിലൊന്നിലേക്ക് കല്ലെറിഞ്ഞതായി സംഘം കണ്ടെത്തി. കല്ലേറിനെ തുടർന്ന് പ്രതിഷേധക്കാർ ചിതറിയോടി. ചിലര്‍ക്ക് പരിക്കേറ്റു. പിന്നാലെയാണ് സമീപത്തെ കടകള്‍ക്ക് നേരെ അക്രമം നടക്കുന്നത്. ഹിന്ദു ഉടമസ്ഥതയുള്ള കടകളെ 'ഒരു സംഘം' ലക്ഷ്യമിടുകയും ടയറുകൾ കത്തിച്ച് എറിയുകയും ചെയ്തു. ഏതാനും നിമിഷങ്ങള്‍ക്കകം സ്ഥലത്തേക്ക് എത്താമായിരുന്ന പൊലീസുകാര്‍ ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധക്കാർക്ക് നേരെ കല്ലുകൾ എറിഞ്ഞത് ഹിന്ദുത്വ ഗ്രൂപ്പിൽ അംഗമായിരുന്ന ഒരാളുടെ നേതൃത്വത്തിലാണെന്ന് ഒരു ദൃക്സാക്ഷി പങ്കുവെച്ചതായും സംഘം വ്യക്തമാക്കുന്നു.

വ്യാജ വാർത്തകളും അതോടൊപ്പം വർഗീയ സംഘർഷമായി വരുത്തി തീർക്കാനുള്ള ശ്രമങ്ങള്‍ തടയാനും ഭരണകൂടം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ബിജെപി, ആർഎസ്എസ് തുടങ്ങിയ സംഘടനകൾ സംഘർഷത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചതായും വസ്തുതാന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാൾ പൊലീസിന്റെ കണക്കനുസരിച്ച് ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 60 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. 307 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

"ഇത്രയും കാലം അവർ വിതച്ച ഇസ്ലാമോഫോബിയയുടെ വിത്തുകളിപ്പോള്‍ മുളച്ച് വരുന്നു. ഹിന്ദു ഐക്യം, രാഷ്ട്രപതി ഭരണം, സംസ്ഥാനത്ത് സ്ഥിരം സൈനിക സാന്നിധ്യം എന്നിങ്ങനെയുള്ള ആഹ്വാനങ്ങൾ ഉയർന്നുവരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News