Writer - രാഗേന്ദു പി.ആർ
Web Journalist
'എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു. പക്ഷെ ചില സമയങ്ങളില് നാം നിസ്സഹായരായി പോകും. ഞങ്ങള്ക്ക് നാനാ പടേക്കറെ രക്ഷിക്കാന് സാധിക്കുമായിരുന്നു. എന്നാല് ആ സമയം അതിന് കഴിഞ്ഞില്ല. 300 മീറ്റര് അകലത്തില് അടിയന്തര ചികിത്സ നല്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. സാമ്പത്തികം ഒരു തടസമായിരുന്നില്ല. എന്തിനും തയ്യാറായി നില്ക്കുന്ന സുഹൃത്തുക്കളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പക്ഷെ ആര്ക്കും തന്നെ അദ്ദേഹത്തെ രക്ഷിക്കാനായില്ല. ചിലപ്പോള് അങ്ങനെയാണ്...,' ഡോക്ടര് ശേഖര് സല്കര് പറയുന്നു.
ഒക്ടോബര് എട്ടിനാണ് നാനാ പടേക്കര് (75) അന്തരിച്ചത്. കാര്ഡിയാക് അറസ്റ്റിനെ തുടര്ന്നായിരുന്നു മരണം. ഗോവയിലെ വസതിയില് വെച്ച് പെട്ടെന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള് അനുഭവപ്പെടുകയായിരുന്നു. തുടര്ന്ന് മണിപ്പാല് ആശുപത്രിയിലെ എമര്ജന്സി വിഭാഗത്തില് എത്തിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാത്ത നിലയിലായി.
ഡോക്ടര്മാര് ഏകദേശം 45 മിനിറ്റിലധികം തുടര്ച്ചയായി സിപിആര് ഉള്പ്പെടെ നല്കി ജീവന് രക്ഷിക്കാന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മണിപ്പാല് ആശുപത്രിയില് എല്ലാവിധ അത്യാഹിത ചികിത്സാ സൗകര്യങ്ങളും ലഭ്യമായിരുന്നുവെന്നാണ് ഡോ. ശേഖര് പറയുന്നത്.
എന്നാല് വിധിക്ക് മുന്നില് വൈദ്യശാസ്ത്രം തോറ്റുപോയ നിമിഷമായിരുന്നു അത്. ഒരു ഡോക്ടര് എന്ന നിലയില് ഇത്തരം നിമിഷങ്ങള് വേദനാജനകമാണെന്നും അദ്ദേഹം ഇന്സ്റ്റഗ്രാമില് കുറിച്ചു.
വൈദ്യശാസ്ത്രത്തിന് പ്രതീക്ഷ നല്കാന് കഴിയും. ശാസ്ത്രത്തിന് പരിഹാരങ്ങളും നല്കാം. സമയബന്ധിതമായ ഇടപെടല് ഒരുപക്ഷെ ജീവന് തന്നെ രക്ഷിച്ചേക്കാം. എന്നാല് ഒരു മനുഷ്യനും ഒരു ഫലം ഉറപ്പുനല്കാന് സാധിക്കില്ലെന്നും ഡോ. ശേഖര് പറഞ്ഞു. മെഡിക്കല് അടിയന്തരാവസ്ഥയില് തന്റെ കഴിവിന്റെ പരമാവധി ചെയ്യുക, അതിനപ്പുറത്തേക്ക് എന്ത് സംഭവിച്ചാലും അതൊരു പാഠമായി ഉള്ക്കൊള്ളണമെന്നും സല്കര് കൂട്ടിച്ചേര്ത്തു.