മതംമാറാൻ നിർബന്ധിക്കുന്നത് മതവിശ്വാസത്തെ അവഹേളിക്കലല്ല: ബോംബെ ഹൈക്കോടതി
ഹിന്ദു മതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറാൻ ദമ്പതികളെ നിർബന്ധിച്ചെന്നാരോപിച്ച് എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം
നാഗ്പൂർ: ഒരു വ്യക്തിയെ മതം മാറാൻ നിർബന്ധിക്കുന്നത് ഒരു വിഭാഗത്തിന്റെയും മതവിശ്വാസത്തെ അപമാനിക്കുന്നതായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ഹിന്ദു മതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറാൻ ദമ്പതികളെ നിർബന്ധിച്ചെന്നാരോപിച്ച് എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഇതോടെ നാല് പേർക്കെതിരെ എടുത്ത കേസ് കോടതി റദ്ദാക്കുകയും ചെയ്തു.
ജസ്റ്റിസ് എം.ഡബ്ല്യു ചാന്ദ്വാനിയുടേതാണ് വിധി. അമരാവതി സ്വദേശികളായ ജോസഫ് ഖുദാവന്ത്, മകൻ വിക്ടർ ഖുദാവന്ത്, മരുമകൾ എൽവിന ഖുദാവന്ത്, സാമൂഹിക പ്രവർത്തകൻ അനന്ത് മങ്കർ എന്നിവർക്കെതിരെയുള്ള കേസാണ് ഇതോടെ ബോംബൈ ഹൈക്കോടതി തള്ളിക്കളഞ്ഞത്. ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചാൽ മാസാമാസമുള്ള ചെലവുകൾ, മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ എന്നിവ നോക്കാമെന്ന് പ്രതികൾ വാഗ്ധാനം ചെയ്തെന്നാണ് പരാതി.
എന്നാൽ ഇത്തരത്തിൽ മതം മാറാൻ നിർബന്ധിക്കുന്നത് മതവിശ്വാസത്തെ അവഹേളിക്കലല്ലെന്നും പ്രതികൾ അവരുടെ മതം പ്രചരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റുതരത്തിൽ പൗരന്മാരുടെ മതത്തെ വ്രണപ്പെടുത്തിയിട്ടില്ലെന്നും അപമാനിച്ചില്ലെന്നുമാണ് കോടതിയുടെ കണ്ടെത്തൽ.
സംസ്ഥാനത്ത് മതപരിവർത്തനം നിരോധിക്കുന്ന ഒരു നിയമവും ഇല്ലാതിരുന്ന 2025ലാണ് സംഭവം നടന്നതെന്നും നിർബന്ധിച്ചുള്ള മതപരിവർത്തനം തടയാൻ മഹാരാഷ്ട്ര പാസാക്കിയ നിയമം 2026ലാണ് വന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം.