ശ്രദ്ധിക്കൂ പ്രധാനമന്ത്രീ, താങ്കളുടെ മന്ത്രി ശരദ് പവാറിനെ ഭീഷണിപ്പെടുത്തുന്നു: സഞ്ജയ് റാവത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഭീഷണികളെ അംഗീകരിക്കുന്നുണ്ടോയെന്ന് ശിവസേന

Update: 2022-06-24 06:39 GMT
Advertising

മുംബൈ: എന്‍.സി.പി നേതാവ് ശരദ് പവാറിനെ ഒരു കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇത്തരം ഭീഷണികളെ അംഗീകരിക്കുന്നുണ്ടോയെന്ന് സഞ്ജയ് റാവത്ത് ചോദിച്ചു.

"അദ്ദേഹം മഹാരാഷ്ട്രയുടെ മകനാണ്. അവർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നു. മോദി ജി, അമിത് ഷാ... നിങ്ങൾ കേള്‍ക്കുന്നുണ്ടോ? നിങ്ങളുടെ മന്ത്രി ശരദ് പവാറിനെ ഭീഷണിപ്പെടുത്തുന്നു. നിങ്ങൾ അത്തരം ഭീഷണികളെ പിന്തുണയ്ക്കുന്നുണ്ടോ? മഹാരാഷ്ട്ര അറിയാൻ ആഗ്രഹിക്കുന്നു"- സഞ്ജയ് റാവത്ത് പറഞ്ഞു.

കേന്ദ്രമന്ത്രി എങ്ങനെയാണ് ശരദ് പവാറിനെ ഭീഷണിപ്പെടുത്തിയതെന്നും സഞ്ജയ് റാവത്ത് വിശദീകരിച്ചു. മഹാ വികാസ് അഘാഡിയെ രക്ഷിക്കാൻ ശ്രമിച്ചാൽ വീട്ടിൽ പോകാൻ അനുവദിക്കില്ല, റോഡിൽ തടയുമെന്ന് ഒരു കേന്ദ്രമന്ത്രി ശരദ് പവാറിനെ ഭീഷണിപ്പെടുത്തിയെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ഇതാണ് ബി.ജെ.പി ചെയ്യുന്നതെങ്കിൽ നിങ്ങൾ അത് പരസ്യമായി പ്രഖ്യാപിക്കൂ. സർക്കാര്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ശരദ് പവാറിനെതിരെ അത്തരം ഭാഷ അംഗീകരിക്കാനാവില്ലെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി.

വിമതനായ ഏക്‌നാഥ് ഷിൻഡെയ്ക്കൊപ്പം ഭൂരിപക്ഷം ശിവസേന എം.എൽ.എമാരും പോയപ്പോള്‍ സഞ്ജയ് റാവത്ത് ഉദ്ധവ് താക്കറെയ്ക്ക് ഒപ്പമാണ്. 50 എം‌.എൽ‌.എമാരുടെ പിന്തുണയുണ്ടെന്ന് ഏക്നാഥ് ഷിന്‍ഡെ അവകാശപ്പെട്ടു. അവരില്‍ 40 പേർ ശിവസേനയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സ്വതന്ത്ര എം.എല്‍.എമാര്‍ അസമില്‍ എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് എത്തുകയാണ്.

ഗുജറാത്തിലെ സൂറത്തിലാണ് ഷിന്‍ഡെയും സംഘവും ആദ്യം എത്തിയത്. പിന്നീട് ഇവരെ അസമിലെ ഗുവാഹത്തിയിലേക്ക് പ്രത്യേക വിമാനത്തില്‍ എത്തിക്കുകയായിരുന്നു.

ഷിൻഡെ ശിവസേനയെ പിളര്‍ത്തുന്ന ഘട്ടത്തിലെത്തി നില്‍ക്കുന്നു. താനാണ് യഥാർഥ ശിവസേനയെന്നും മതിയായ എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ ശരദ് പവാറിന്റെ പാർട്ടിയുമായും കോൺഗ്രസുമായും ശിവസേനയുടെ "അസ്വാഭാവിക സഖ്യം" അവസാനിപ്പിച്ച് പഴയ സഖ്യകക്ഷിയായ ബി.ജെ.പിക്കൊപ്പം മഹാരാഷ്ട്ര ഭരിക്കുക എന്നതു മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഷിന്‍ഡെ പറയുന്നു. എന്നാല്‍ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിലൂടെ മാത്രമേ സർക്കാരിന്റെ ഭാവി സംബന്ധിച്ച തീരുമാനമുണ്ടാകൂ എന്ന് ശരദ് പവാർ വ്യക്തമാക്കി.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News