ന്യൂഡൽഹി: ജമ്മു കശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 2025-26 അധ്യയന വര്‍ഷത്തിലേക്കുള്ള എംബിബിഎസ് കോഴ്‌സിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്ര ഭരണകൂടം. ആദ്യഘട്ട പ്രവേശനത്തില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രവേശനം നല്‍കിയതിനെതിരെ ബിജെപി നടത്തിയ കനത്ത പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. സാങ്കേതിക കാരണങ്ങളാലാണ് നടപടിയെന്നാണ് വിശദീകരണം.
കോഴ്‌സിന്റെ അംഗീകാരം റദ്ദാക്കിക്കൊണ്ട് ഇന്നലെയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഉത്തരവിറക്കിയത്. നേരത്തെ, കോഴ്‌സിന് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര ഭരണപ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗകര്യമൊരുക്കുമെന്നും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്.
നേരത്തേ, 2025- 26 അധ്യയന വര്‍ഷത്തെ ശ്രീ മാതാ വൈഷ്‌ണോ ദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എക്‌സലന്‍സില്‍ ആദ്യമായാണ് എംബിബിഎസ് ബാച്ച് ആരംഭിക്കുന്നത്. അഡ്മിഷന്‍ ലഭിച്ച ആകെയുള്ള 50 സീറ്റുകളില്‍ 42 പേരും മുസ്‌ലിം വിദ്യാര്‍ഥികളായിരുന്നു. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു പ്രവേശന നടപടികളെല്ലാം. 85 ശതമാനം സീറ്റുകള്‍ ജമ്മു കശ്മീര്‍ സ്വദേശികള്‍ക്കും ബാക്കി 15 ശതമാനം രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും എന്ന നിലയ്ക്കായിരുന്നു സീറ്റുകളിലെ ആകെ സംവരണം.
എന്നാല്‍, കോഴ്‌സില്‍ 42 സീറ്റുകളിലേക്ക് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചത് ഹിന്ദുത്വ സംഘങ്ങളെ പ്രകോപിക്കുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കാമ്പസിലേക്ക് ഇരച്ചുകയറുകയും വൈഷ്‌ണോ ദേവി ക്ഷേത്ര ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കോലം കത്തിക്കുകയും ചെയ്തു. മുസ്‌ലിം വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ റദ്ദാക്കണമെന്ന് മുറവിളി കൂട്ടുകയും ചെയ്തു.
ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്ക് പിന്തുണയുമായി ജമ്മുകശ്മീരിലെ പ്രതിപക്ഷമായ ബിജെപിയും രംഗത്തെത്തി. ബിജെപി നേതാവ് സുനില്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെ കണ്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, ആരെയും പ്രത്യേകമായി പരിഗണിച്ചല്ല, മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടന്നതെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പ്രതികരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, കഴിഞ്ഞ രണ്ട് ആഴ്ചകളിലായി സ്ഥാപനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതായും ക്ലിനിക്കല്‍ സൗകര്യങ്ങളുടെ അപര്യാപ്തതയും അധ്യാപകരുടെ അലഭ്യതയും പരിഗണനയിലെടുത്താണ് കോഴ്‌സിന്റെ അംഗീകാരം റദ്ദാക്കുന്നതെന്നാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ഉത്തരവിലുള്ളത്.
ഇത്തരത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മുഖവിലക്കെടുക്കാതെ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നത് വിദ്യാര്‍ഥികളുടെ അക്കാദമിക് താല്‍പര്യങ്ങളെ ബാധിക്കുമെന്നതിനാലാണ് അംഗീകാരം റദ്ദാക്കുന്നതെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.