ന്യൂഡല്‍ഹി: ഡിജിറ്റല്‍ യുഗത്തിലേക്ക് പതിയെ കാലെടുത്തുവെച്ച ലോകം അതിവേഗത്തിലാണ് മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുന്നത്. ചില്ലറകളും നോട്ടുകളും സ്വരുക്കൂട്ടി കടകളില്‍ കേറിയിറങ്ങിയിരുന്ന കാലത്ത് നിന്ന് തൊട്ടതിനും പിടിച്ചതിനുമെല്ലാം ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ലോകത്ത് എത്തിപ്പെട്ടിരിക്കുകയാണ് നാം. ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ ക്രമാനുഗതമായി ഉയര്‍ന്നെങ്കിലും കറന്‍സികളെ പാടെ അവഗണിച്ചിട്ടൊന്നുമില്ല പുതിയ ലോകം.
സാമ്പത്തിക ക്രമക്കേടുമായും മറ്റുമായി ബന്ധപ്പെട്ട ആദായനികുതി വകുപ്പ് റെയ്ഡില്‍ വലിയ സംഖ്യകള്‍ പിടിച്ചെടുക്കുന്നതെല്ലാം വാര്‍ത്തകളിലൂടെ നാം കണ്ടിട്ടുണ്ടാകും. പിടിച്ചെടുക്കുന്ന പണങ്ങള്‍ക്ക് എന്തുസംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യയില്‍ നിയമാനുസൃതം പണമായി എത്ര രൂപ വീട്ടിൽ സൂക്ഷിക്കാമെന്നതിനെ കുറിച്ചറിയാമോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം.
വീട്ടില്‍ പണം സൂക്ഷിക്കുന്നതിന് നിയമപരമായ പരിധി ഉണ്ടോ?
വീട്ടില്‍ പണം സൂക്ഷിക്കുന്നതിന് ഇന്‍കം ടാക്‌സ് നിയമപരമായ യാതൊരു പരിധിയും നിശ്ചയിച്ചിട്ടില്ല. അതെത്ര തന്നെ ചെറിയ തുകയായാലും, വലുതായാലും. സൂക്ഷിച്ചുവെക്കുന്ന പണത്തിന് നിയമാനുസൃതമായ ഉറവിടം ഉണ്ടായിരിക്കണമെന്നത് മാത്രമാണ് ഏക മാനദണ്ഡം. നിങ്ങളുടെ ശമ്പളം, വരുമാനം, തുടങ്ങിയവ നിയമപരമായ ഇടപാടുകളില്‍ നിന്നുള്ളതാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ഏത് തുകയും സുരക്ഷിതമായി വീട്ടില്‍ സൂക്ഷിക്കാനാകും. ഏതെങ്കിലും കാരണവശാല്‍ പണത്തിന്റെ ഉറവിടം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രശ്‌നം. ഇന്‍കം ടാക്‌സ് ആക്ടിലെ സെക്ഷന്‍ 68,69 ബി എന്നിവയാണ് ബന്ധപ്പെട്ട നിയമങ്ങള്‍.
സെക്ഷന്‍ 68: നിങ്ങളുടെ പാസ്ബുക്കിലോ കാഷ് ബുക്കിലോ രേഖപ്പെടുത്തിയ തുകയ്ക്ക് ഉറവിടം വിശദീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, അത് നിങ്ങള്‍ക്ക് അവകാശമില്ലാത്ത വരുമാനമായി(unexplained income) കണക്കാക്കും.
സെക്ഷന്‍ 69: പണമോ നിക്ഷേപങ്ങളോ ഉണ്ടെങ്കിലും അവയുടെ ഉറവിടം വിശദീകരിക്കാന്‍ കഴിയാത്തത് അവകാശപ്പെടാത്ത വരുമാനമായി കണക്കാക്കാം.
സെക്ഷന്‍ 69ബി: നിങ്ങളുടെ പ്രഖ്യാപിത വരുമാനത്തിന് അനുസരിച്ചല്ലാതെ അധികമായ ആസ്തികളോ പണമോ ഉണ്ടെങ്കിലും ഉറവിടം വെളിപ്പെടുത്താന്‍ കഴിയാത്തത്, നികുതിയും പിഴയും ചുമത്തപ്പെടാവുന്ന കുറ്റമാണ്.
ഉറവിടം വിശദീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എന്ത് സംഭവിക്കും?
അന്വേഷണത്തിലോ റെയ്ഡിലോ വീട്ടില്‍ നിന്ന് വലിയ തുക പിടിച്ചെടുക്കുകയും ശരിയായ ഉറവിടം വിശദീകരിക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍, മുഴുവന്‍ തുകയും അവകാശപ്പെടാത്ത വരുമാനമായി (undisclosed income) കണക്കാക്കപ്പെടും. ഇത്തരം സാഹചര്യത്തില്‍, ഭാരമേറിയ നികുതി (ഇന്‍കം ടാക്‌സ് ആക്ട് സെക്ഷന്‍ 115BBE പ്രകാരം 60% അടിസ്ഥാന നികുതി, 25% സര്‍ച്ചാര്‍ജ്, 4% സെസ് എന്നിവയുള്‍പ്പെടെ ഏകദേശം 78% വരെ), കൂടാതെ പിഴകളും (ചില സാഹചര്യങ്ങളില്‍ 10% അധിക പിഴയോടെ ഏകദേശം 84% വരെ) ചുമത്തപ്പെടാം. അതിനാല്‍, വീട്ടില്‍ പണം സൂക്ഷിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും, എല്ലായ്‌പ്പോഴും ഉറവിടത്തിന്റെ തെളിവുകള്‍ (ബാങ്ക് സ്ലിപ്പുകള്‍, വരുമാന രേഖകള്‍ മുതലായവ) സൂക്ഷിക്കുന്നത് നല്ലതാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നത് സുരക്ഷിതവും സുതാര്യവുമാണ്.