70 ഏക്കറിലെ മാലിന്യം വാരുന്ന ശുചീകരണ തൊഴിലാളികൾ; കുട്ടിക്കളിയോ ഇവരുടെ സുരക്ഷ?

പ്ലാസ്റ്റിക്, പേപ്പർ, ലോഹം തുടങ്ങി റീസൈക്കിൾ ചെയ്യാവുന്ന വസ്‌തുക്കൾ ശേഖരിച്ച് സ്ക്രാപ്പ് ഡീലർമാർക്ക് വിൽക്കുന്നതിലൂടെ കിട്ടുന്ന വരുമാനത്തിലാണ് തൊഴിലാളികൾ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ജീവൻ പണയംവെച്ച് ചെയ്യുന്ന ഈ തൊഴിലിന് അവർക്ക് കിട്ടുന്നത് ഒരു ദിവസം 150- 200 രൂപ മാത്രമാണ്.

Update: 2025-08-18 08:52 GMT
Editor : banuisahak | By : Web Desk

ന്യൂഡൽഹി... ഇന്ത്യയുടെ തലസ്ഥാന നഗരം, വളർച്ചയുടെയും വികസനത്തിന്റെയും പിന്നിൽ ഒരു ഗുരുതരമായ പരിസ്ഥിതി പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. ശൈത്യകാലം അടുക്കും തോറും ഉയരുന്ന വായുമലിനീകരണവും പുകമഞ്ഞും ജനങ്ങളുടെ ജീവിതം ഒരു ഗ്യാസ് ചേംബറിനുള്ളിൽ എന്ന പോലെയാക്കിയിരുന്നു. ഓരോ വര്‍ഷവും മലിനീകരണത്തിന്റെ തോത് കൂടിക്കൂടി വരികയാണ്. മാസ്‌കും മറ്റും ധരിച്ചുള്ള ജീവിതത്തോട് ജനങ്ങളും പൊരുത്തപ്പെട്ടുകഴിഞ്ഞു. എന്നാൽ, ഇതിനിടയിൽ ജീവൻ പണയംവെച്ച് കഴിയുന്ന ചില മനുഷ്യരുണ്ട്... ഇവരെ കാണാനാകുന്നത് ഡൽഹിയിലെ മാലിന്യക്കൂനകളിലാണ്..

Advertising
Advertising

ഗസിപൂർ, ഭൽസ്വ, ഒഖ്‌ല എന്നിവിടങ്ങളിൽ വർഷം തോറും 42 ലക്ഷം ടൺ മാലിന്യമാണ് ഉൽപാദിപ്പിക്കുന്നത്. ഈ മാലിന്യമലകൾ നഗരത്തിന്റെ മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങളുടെ പ്രതീകമാണ്. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇവ ഒരു 'ഹീറ്റ് ബോംബ്' തന്നെയാണ്. വേനൽക്കാലത്ത് 70 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. കണ്ണിൽ അണുബാധയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും പിന്നാലെയെത്തും.. ഈ കഠിനമായ സാഹചര്യങ്ങളിൽ ജീവൻ പണയം വച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്... 

ന്യൂഡൽഹിയിലെ ഗസിപൂർ ലാൻഡ്‌ഫിൽ 65 മീറ്റർ ഉയരം വരുന്ന ഒരു മാലിന്യ മലയാണ്. 20 നിലകളുള്ള ഒരു കെട്ടിടത്തിന്റെ അത്രയും വരും. 1984-ൽ സ്ഥാപിതമായ ഈ ലാൻഡ്‌ഫിൽ 2002ഓടെ അതിന്റെ ശേഷി കവിഞ്ഞിരുന്നു. എന്നിട്ടും, ദിവസേന 11,000 ടൺ മാലിന്യം ഇവിടെ നിക്ഷേപിക്കപ്പെടുന്നു. പ്ലാസ്റ്റിക്, വ്യാവസായിക, മെഡിക്കൽ, ജൈവ മാലിന്യങ്ങൾ എന്നിവയുടെ മിശ്രിതമാണ് ഇവിടെയുള്ളത്. തീപിടിത്തവും വിഷവാതക ഉൽപാദനവും പലപ്പോഴും ഇവിടെയുണ്ടാകാറുണ്ട്.

വേനൽക്കാലത്ത്, ജൈവ മാലിന്യങ്ങൾ അഴുകുന്നത് ചൂട് വർധിപ്പിക്കുകയും മീഥേൻ, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയ വിഷവാതകങ്ങൾ പുറന്തള്ളുകയും ചെയ്യുന്നു. 2021ൽ ഗസിപൂർ ലാൻഡ്‌ഫില്ലിൽ നിന്ന് മണിക്കൂറിൽ 156 ടൺ മീഥേൻ പുറന്തള്ളപ്പെട്ടതായി ഒരു റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. .

ഈ മാലിന്യക്കൂനകളുടെ നിഴലിൽ ജീവിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തെ എല്ലാ വർഷവും ദോഷകരമായി ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ ഭീഷണിയാണിത്. ന്യൂഡൽഹിയിലെ മാലിന്യ ശേഖരണ തൊഴിലാളികൾ അനൗപചാരിക തൊഴിലാളികളാണ്. പ്ലാസ്റ്റിക്, പേപ്പർ, ലോഹം തുടങ്ങി റീസൈക്കിൾ ചെയ്യാവുന്ന വസ്‌തുക്കൾ ശേഖരിച്ച് സ്ക്രാപ്പ് ഡീലർമാർക്ക് വിൽക്കുന്നതിലൂടെ കിട്ടുന്ന വരുമാനത്തിലാണ് അവർ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ജീവൻ പണയംവെച്ച് ചെയ്യുന്ന ഈ തൊഴിലിന് അവർക്ക് കിട്ടുന്നത് ഒരു ദിവസം 150- 200 രൂപ മാത്രമാണ്.

38 വയസുള്ള സോഫിയ ബേഗം 25 വർഷത്തിലേറെയായി ഗസിപൂർ ലാൻഡ്‌ഫില്ലിൽ ജോലി ചെയ്യുന്നു. മെഡിക്കൽ മാലിന്യവുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് അവരുടെ കണ്ണിന് അണുബാധ ഉണ്ടായി. ചൂട് കൂടുമ്പോഴെല്ലാം വലത് കണ്ണ് വീർത്തുവരും. അതിനാൽ കഴിഞ്ഞ വർഷം ലാൻഡ്‌ഫില്ലിലേക്കുള്ള പോക്ക് നിർത്തി. വെയിലത്ത് ജോലി ചെയ്യുന്നതിനിടെ നിർജലീകരണം മൂലം കുഴഞ്ഞുവീണതിനെ തുടർന്നാണ് 32കാരിയായ തൻസില പകൽ സമയത്തെ ജോലി ഒഴിവാക്കിയത്. അവർ രാത്രി മാത്രമാണ് ലാൻഡ്‌ഫില്ലിൽ എത്താറുള്ളത്. പകൽ സമയത്ത് ജോലി ചെയ്യുന്നത് ഒരു തീയിൽ വേവുന്നതിന് തുല്യമാണെന്ന് അവർ വിശദീകരിക്കുന്നു.

ശ്വാസകോശ രോഗങ്ങൾ, ചർമ്മ രോഗങ്ങൾ, ഹീറ്റ്‌സ്ട്രോക്ക്, ഹൃദയ രോഗങ്ങൾ, വൃക്ക രോഗങ്ങൾ എന്നിവയാണ് മാലിന്യ ശേഖരണ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങൾ. 2016ലെ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് നിയമം, മാലിന്യം വേർതിരിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കുന്നുണ്ടെങ്കിലും അതിതുവരെ നടപ്പാക്കിയിട്ടില്ല. അതിനാൽ, മെഡിക്കൽ മാലിന്യങ്ങളും മറ്റ് അപകടകരമായ വസ്‌തുക്കളും ലാൻഡ്‌ഫില്ലുകളിൽ എത്തുന്നു. ഇത് തൊഴിലാളികളുടെ ആരോഗ്യത്തിന് കൂടുതൽ ഭീഷണിയാകുന്നു.

ഈ മാലിന്യ മലകൾ പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണിയാണ്. മീഥേൻ, കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 84 മടങ്ങ് കൂടുതൽ ചൂട് വർധിപ്പിക്കുന്ന ഒരു ഗ്രീൻഹൗസ് വാതകമാണ്. 2021ലെ ഒരു വലിയ മീഥേൻ ചോർച്ച, ഗസിപൂർ ലാൻഡ്‌ഫില്ലിനെ ഒരു ആഗോള മീഥേൻ ഹോട്ട്സ്പോട്ടായി മാറ്റിയിരുന്നു. ഈ ലാൻഡ്‌ഫില്ലുകളിൽ ഉണ്ടാകുന്ന തീപിടിത്തമാണ് മറ്റൊരു ദുരന്തം. 2019 മുതൽ 2022 വരെ, ഗസിപൂർ, ഭൽസ്വ, ഒഖ്‌ല ലാൻഡ്‌ഫില്ലുകളിൽ യഥാക്രമം 33 തീപിടുത്തങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ തീപിടുത്തങ്ങൾ വായു മലിനീകരണം വർധിപ്പിക്കുകയും, തൊഴിലാളികൾക്കും സമീപവാസികൾക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ന്യൂഡൽഹിയിലെ മാലിന്യ മലകൾ 2028ഓടെ പൂർണമായും നീക്കം ചെയ്യുമെന്ന് മെയിൽ ഡൽഹി പരിസ്ഥിതി മന്ത്രി മൻജിന്ദർ സിംഗ് സിർസ വാഗ്‌ദാനം ചെയ്‌തിരുന്നു. മുൻകാല വാഗ്‌ദാനങ്ങൾ പലതും പാഴായിപ്പോയതിനാൽ, ഈ പ്രഖ്യാപനത്തിൽ പലർക്കും വിശ്വാസം ഇല്ല. ഒഖ്‌ല, നരേല, ടെങ്കണ്ട്, ഗസിപൂർ എന്നിവിടങ്ങളിൽ ഇൻസിനറേറ്റർ പ്ലാന്റുകൾ നിർമ്മിക്കാനുള്ള പദ്ധതികൾ സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ, ഇൻസിനറേറ്ററുകൾ ഡയോക്‌സിനുകൾ, ഫ്യൂറൻസ്, മെർക്കുറി തുടങ്ങിയ വിഷ പദാർത്ഥങ്ങൾ പുറന്തള്ളുന്നതിനാൽ, പരിസ്ഥിതി വിദഗ്‌ധർ ഇതിനെ എതിർക്കുന്നു. കൂടാതെ, ഇൻസിനറേറ്ററുകൾ മാലിന്യ ശേഖരണ തൊഴിലാളികളുടെ ജീവനോപാധി ഇല്ലാതാക്കുമെന്നും ആശങ്കയുണ്ട്.

മാലിന്യ ശേഖരണ തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ, ശുദ്ധജലം, തണൽ, വിശ്രമ സൗകര്യങ്ങൾ എന്നിവ ലാൻഡ്‌ഫില്ലുകൾക്ക് സമീപം ഒരുക്കണമെന്ന് വിദഗ്‌ധർ നിർദ്ദേശിക്കുന്നു. കൂടാതെ, മാലിന്യ വേർതിരിക്കൽ കർശനമായി നടപ്പാക്കുകയും, തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കുകയും വേണം. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News