'ഒരു സംശയവുമില്ല, തേജസ്വി തന്നെ ബിഹാറിൽ മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി'; കനയ്യ കുമാര്‍
ബിജെപിക്ക് അവസരം ലഭിച്ചാലുടൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുറത്താക്കി ബിഹാറിൽ സ്വന്തം നേതാവിനെ നിയമിക്കും
പറ്റ്ന: വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി ആർജെഡിയിൽ നിന്നായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് കനയ്യ കുമാർ. തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുന്ന കാര്യത്തിൽ ആശയക്കുഴപ്പമോ തർക്കമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നിരുന്നാലും, തെരഞ്ഞെടുപ്പിൽ പൊതു വിഷയങ്ങൾക്കായിരിക്കും പ്രാധാന്യമെന്നും സഖ്യത്തിന്‍റെ മുഖ്യമന്ത്രി മുഖം ഉയർത്തിക്കാട്ടി ശ്രദ്ധ തിരിക്കാൻ എതിരാളികൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് അവസരം ലഭിച്ചാലുടൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുറത്താക്കി ബിഹാറിൽ സ്വന്തം നേതാവിനെ നിയമിക്കുമെന്ന് പറഞ്ഞ കനയ്യ കുമാർ, ബിജെപി അതിന്‍റെ പതിവ് രീതി പിന്തുടരുകയാണെന്ന് ആരോപിച്ചു. ''ആദ്യം ഒരു പ്രാദേശിക പാർട്ടിയുടെ പിന്തുണ നേടുകയും പിന്നീട് സാവധാനം അതിനെ വിഴുങ്ങുകയും ചെയ്യുക" അതാണ് ബിജെപിയുടെ രീതിയെന്നും കനയ്യ പരിഹസിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ ശക്തമാണ് ബിഹാറിലെ മാറ്റത്തിന്‍റെ കാറ്റ്. രാജ്യത്തിന്‍റെ അഭിമാനത്തിന്‍റെ കാര്യമാണെന്ന് വിശ്വസിക്കുന്ന ബിഹാറിലെ ജനങ്ങൾ ഇതിനോട് പ്രതികൂലമായി പ്രതികരിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് ബിജെപി ഓപ്പറേഷൻ സിന്ദൂരിനെ ഒരു തെരഞ്ഞെടുപ്പ് പരിപാടിയായി ഉയർത്തുന്നില്ലെന്നും ഒരു പാർട്ടിയും ഇതിനെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'മഹാഗത്ബന്ധൻ' സഖ്യത്തിന്‍റെ ചലനാത്മകത വിശദീകരിച്ച കനയ്യ , സീനിയർ, ജൂനിയർ പങ്കാളികൾ എന്ന ആശയം നിരാകരിച്ചു. "ഒരു കാറിലേക്ക് നോക്കുകയാണെങ്കിൽ, ബ്രേക്ക്, റിയർ വ്യൂ മിറർ എന്നിവ പോലെ തന്നെ പ്രധാനമാണ് ക്ലച്ചും." അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ആർജെഡി വലിയ പാർട്ടിയാണെന്നതും കൂടുതൽ എംഎൽഎമാരുണ്ടെന്നതും മഹാസഖ്യത്തിന് നേതൃത്വം നൽകുന്നതും പ്രതിപക്ഷ നേതാവ് എന്ന പദവി വഹിക്കുന്നതും അവർ തന്നെയാണെന്നതും ശരിയാണ്. സ്വാഭാവികമായും അത് അവരുടെ ഉത്തരവാദിത്തമാണ്. എന്നാൽ എല്ലാ ഘടകകക്ഷികളും ഇപ്പോൾ വികാസ്ശീല്‍ ഇൻസാൻ പാർട്ടിയിലെ മുകേഷ് സഹാനിയും മഹാഗ്തബന്ധന്‍റെ ഭാഗമാണ്. എല്ലാവർക്കും അവരുടേതായ പങ്കുണ്ട്," കനയ്യ പറഞ്ഞു.
നേരത്തെ തേജസ്വി യാദവിനെ മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെതിരെ കോൺഗ്രസ് എംഎല്‍എ അജിത് ശര്‍മ രംഗത്തുവന്നിരുന്നു. മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി മുഖം ആരെന്ന് തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ തീരുമാനിക്കുമെന്നുമായിരുന്നു ശര്‍മയുടെ പ്രതികരണം. തെരഞ്ഞെടുപ്പിൽ സഖ്യം വിജയിക്കുകയും ആർജെഡിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുകയും ചെയ്താൽ തേജസ്വി മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുൻ ഉപമുഖ്യമന്ത്രി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു ആര്‍ജെഡിയുടെ ചോദ്യം. മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള പാർട്ടിയുടെ നിലപാട് ആവർത്തിച്ച ആർജെഡി എംപി മനോജ് ഝാ നിയമസഭാ തെരഞ്ഞെടുപ്പിൽ തേജസ്വി നയിക്കുമെന്നും പറഞ്ഞിരുന്നു. ഈ വര്‍ഷം അവസാനമാണ് ബിഹാറിലെ 234 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.