'ബിഹാറിലെ മുഖ്യമന്ത്രി മുഖത്തെക്കുറിച്ച് ഇൻഡ്യ മുന്നണിയിൽ ആശയക്കുഴപ്പമില്ല, ശരിയായ സമയത്ത് പേര് പ്രഖ്യാപിക്കും'; തേജസ്വി യാദവ്
തന്‍റെ പാര്‍ട്ടിയുടെ ബിഹാര്‍ അധികാര്‍ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് തേജസ്വി ഇക്കാര്യം വ്യക്തമാക്കിയത്
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന് വ്യക്തമാകാത്ത സാഹചര്യത്തിൽ സഖ്യത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഒരു ആശയക്കുഴപ്പവുമില്ലെന്നും പേര് ശരിയായ സമയത്ത് പ്രഖ്യാപിക്കുമെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് . തന്‍റെ പാര്‍ട്ടിയുടെ ബിഹാര്‍ അധികാര്‍ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് തേജസ്വി ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്തംബര്‍ 20ന് വൈശാലിയിലാണ് യാത്ര സമാപിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് ജെഹനാബാദിൽ നിന്നും തേജസ്വി യാത്ര ആരംഭിച്ചത്. "പേരിൽ ഒരു ആശയക്കുഴപ്പവുമില്ല, ശരിയായ സമയം വരുമ്പോൾ പ്രതിപക്ഷം അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ജനങ്ങളാണ് ബിഹാറിന്റെ യജമാനന്മാർ, അവരാണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത്. ഇത്തവണ അവർക്ക് ഒരു മാറ്റം വേണം. ബിഹാറിൽ ആരെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചാൽ അവർ ഉത്തരം പറയും," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വോട്ടര്‍ അധികാര്‍ യാത്രക്കിടെ ഇൻഡ്യ മുന്നണിയുടെ മുഖ്യമന്ത്രി മുഖം താനാണെന്ന് തേജസ്വി സ്വയം പ്രഖ്യാപിച്ചിരുന്നു. ആറ റാലിയിൽ തേജസ്വി മുഖ്യമന്ത്രി നിതീഷ് കുമാറിനെ 'കോപ്പികാറ്റ് മുഖ്യമന്ത്രി' എന്ന് വിളിച്ചു പരിഹസിച്ചിരുന്നു. "നിങ്ങൾക്ക് ഒരു യഥാർഥ മുഖ്യമന്ത്രി വേണോ അതോ ഒരു ഡ്യൂപ്ലിക്കേറ്റ് മുഖ്യമന്ത്രി വേണോ?" അദ്ദേഹം ജനക്കൂട്ടത്തോട് ചോദിച്ചു. തേജസ്വി മുന്നോട്ടുനീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. യാത്രയിൽ പങ്കെടുത്ത സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും തേജസ്വിയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചു, അദ്ദേഹം അടുത്ത സർക്കാർ രൂപീകരിക്കുമെന്നും ബിഹാറിനെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുമെന്നും പറഞ്ഞു.എന്നാൽ തൻ്റെ യാത്രയ്ക്കിടെ അരാരിയയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, തേജസ്വിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് രാഹുൽ ഗാന്ധി ഒഴിഞ്ഞുമാറിയിരുന്നു.
#WATCH | Patna: On the CM face of the Mahagathbandhan, Bihar Assembly LoP and RJD leader Tejashwi Yadav says, "There is no confusion in our alliance. The people are the owners of Bihar and they make the Chief Minister. This time, they want a change. Go and ask any person in Bihar… pic.twitter.com/RngkvBssLp
— ANI (@ANI) September 16, 2025