രാജ്യത്ത് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഇല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

2021ൽ മാത്രം രാജ്യത്തുടനീളം ക്രിസ്ത്യാനികൾക്കെതിരെ 500 ലേറെ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.

Update: 2022-08-16 12:58 GMT
Advertising

രാജ്യത്ത് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഇല്ലെന്ന വാദവുമായി കേന്ദ്രം. സുപ്രീംകോടതിയിലാണ് കേന്ദ്ര സർക്കാർ അവകാശവാദം ഉന്നയിച്ചത്. ക്രിസ്ത്യൻ സംഘടനകളും ചില വ്യക്തികളും സമർപ്പിച്ച പൊതുതാൽപര്യ ഹരജിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രത്തിന്റെ അവകാശവാദം. ഹരജിക്ക് പിന്നിൽ ഒളിയജണ്ട ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ ആരോപണം.

"ഇത്തരക്കാർക്ക് രാജ്യത്തുടനീളം അശാന്തി സൃഷ്ടിക്കുന്നതിനും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ രാജ്യത്തിന് പുറത്തുനിന്ന് സഹായം നേടാനുമായി ചില ഒളിയജണ്ടകൾ ഉണ്ടെന്ന് തോന്നുന്നു"- കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, വിശദമായ പ്രതികരണം അറിയിക്കാൻ ഇരു വിഭാ​ഗത്തിനും കോടതി ഒരാഴ്ച സമയം അനുവദിച്ചു. ഹരജി വാദം കേൾക്കാനായി ഈ മാസം 25ലേക്ക് മാറ്റി.

സത്യവാങ്മൂലം പ്രാഥമിക പ്രതികരണം മാത്രമാണെന്നും ഹരജിക്കുള്ള വിശദമായ മറുപടിയല്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസുമാരായ ധനഞ്ജയ വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസും മറുപടി നൽകാൻ കൂടുതൽ സമയം തേടി. ഇതു രണ്ടും പരി​ഗണിച്ചാണ് ഒരാഴ്ച സമയം അനുവദിച്ചത്.

കേവലം അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് സംഘടനകളുടെ ഹരജിയെന്നും അതൊരു പ്രത്യേക ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്ന് തോന്നുന്നതായും കേന്ദ്രം പറയുന്നു. ഇത്തരം ആരോപണങ്ങൾ ചില സംഘടനകളുടെ സമീപകാല പ്രവണതയാണെന്നും ഒടുവിൽ അതൊരു റിട്ട് ഹരജിയായോ പൊതുതാൽപ്പര്യ ​ഹരജിയായോ മാറുന്നുവെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു.

എന്നാൽ, 2021ൽ മാത്രം രാജ്യത്തുടനീളം ക്രിസ്ത്യാനികൾക്കെതിരെ 500 ലേറെ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിൽ ആൾക്കൂട്ട കൊലപാതകങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും തടയാനായി 2018ൽ സുപ്രീംകോടതി പുറപ്പെടുവിച്ചതിന് സമാനമായ മാർഗനിർദേശങ്ങൾ വേണമെന്നും ഹരജിക്കാർക്ക് വേണ്ടി ഹാജരായ ​ഗോൺസാൽവ്സ് പറഞ്ഞു.

ആർച്ച്ബിഷപ്പ് പീറ്റർ മെക്കാഡോയും നാഷനൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ എന്നീ സംഘടനകളും ആക്രമണങ്ങൾ സംബന്ധിച്ച വാർത്തകളെയും വിവിധ സംഘടനകളുടെ സ്വതന്ത്ര കണ്ടെത്തലുകളേയും അടിസ്ഥാനമാക്കിയാണ് ഹരജി സമർപ്പിച്ചത്. ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും പ്രാർഥനകൾക്ക് പൊലീസ് സംരക്ഷണം വേണമെന്നും പള്ളികൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

"ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ വിദ്വേഷവും ആക്രണവും- 2021" എന്ന റിപ്പോർട്ടും ഹരജിക്കാർ ഉദ്ധരിച്ചു. എന്നാൽ ക്രിസ്ത്യൻ പീഡനമെന്ന റിപ്പോർട്ടുകൾ ഭൂരിഭാഗവും വ്യാജമാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ചില സന്ദർഭങ്ങളിൽ, തികച്ചും ക്രിമിനൽ സ്വഭാവമുള്ളതും വ്യക്തിപരമായ പ്രശ്‌നങ്ങളിൽ നിന്ന് ഉണ്ടാകുന്നതുമായ സംഭവങ്ങൾ ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ള അക്രമമായി ദുർവ്യാഖ്യാനിച്ചിട്ടുണ്ടെന്നും കേന്ദ്രം ആരോപിക്കുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News