ഞാന്‍ യേശുക്രിസ്തുവല്ല; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് തമിഴ്നാട് മന്ത്രിയോട് ബി.ജെ.പി പ്രസിഡന്‍റ്

ബുധനാഴ്ച തമിഴിലും ഇംഗ്ലീഷിലുമായി കുറിച്ച ട്വീറ്റുകളില്‍ അണ്ണാമലൈയെ പി.ടി.ആര്‍ പരോക്ഷമായി പരിഹസിച്ചിരുന്നു

Update: 2022-09-02 02:50 GMT
Editor : Jaisy Thomas | By : Web Desk

ചെന്നൈ: തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജനും(പി.ടി.ആര്‍) ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയും തമ്മില്‍ ട്വിറ്ററില്‍ വാക്പോര്. കഴിഞ്ഞ രണ്ടു ദിവസമായി രണ്ടു പേരും പരസ്പരം ചെളി വാരിയെറിയുന്നത് തുടരുകയാണ്. മന്ത്രി അപമാനിക്കുമ്പോള്‍ മിണ്ടാതിരിക്കാന്‍ താന്‍ യേശുക്രിസ്തുവല്ലെന്ന് അണ്ണാമലൈ പറഞ്ഞു.

ബുധനാഴ്ച തമിഴിലും ഇംഗ്ലീഷിലുമായി കുറിച്ച ട്വീറ്റുകളില്‍ അണ്ണാമലൈയെ പി.ടി.ആര്‍ പരോക്ഷമായി പരിഹസിച്ചിരുന്നു. ''രക്തസാക്ഷികളുടെ മൃതദേഹവുമായാണ് ആ വ്യക്തി പബ്ലിസിറ്റി നേടുന്നത്. കള്ളം പറയുകയും. ത്രിവര്‍ണ പതാകയുള്ള കാറിന് നേരെ ചെരിപ്പെറിയുകയും ചെയ്തതിനാലാണ് അദ്ദേഹത്തെ പേരെടുത്ത് അഭിസംബോധന ചെയ്യാത്തതെന്നും'' പളനിവേല്‍ പറഞ്ഞു. തമിഴ് സമൂഹത്തിന് ശാപമാണ് അണ്ണാമലൈ എന്നും പി.ടി.ആര്‍ പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. നിങ്ങളുടെ പൂർവ്വികരുടെ പേര് മാത്രം ഉപയോഗിച്ച് ജീവിക്കുന്ന നിങ്ങൾക്കും നിങ്ങളുടെ കൂട്ടത്തിനും ഒരു കർഷകന്‍റെ മകനെ അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. കൂടാതെ തന്‍റെ ചെരിപ്പിന്‍റെ വില പോലും പി.ടി.ആറിന് നല്‍കുന്നില്ലെന്നും താനൊരിക്കലും അദ്ദേഹത്തിന്‍റെ നിലവാരത്തിലേക്ക് താഴില്ലെന്നും പറഞ്ഞു.

Advertising
Advertising

നേതാക്കൾ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് യുവാക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മോശം മാതൃക സൃഷ്ടിക്കുമെന്ന് വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകർ അഭിപ്രായപ്പെട്ടപ്പോള്‍ താനല്ല അത്തരം പരാമര്‍ശങ്ങള്‍ ആദ്യം നടത്തിയതെന്നും ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ പ്രതികരിക്കുമെന്നും അടിച്ചാല്‍ മറ്റേ കവിള്‍ കാണിക്കാന്‍ താന്‍ യേശുവല്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. എന്നെ തല്ലിയാൽ ഞാൻ തിരിച്ചടിക്കും. ''നിങ്ങൾ ആക്രമണകാരിയാണെങ്കിൽ ഞാൻ ഇരട്ടി ആക്രമണകാരിയാകും'' അണ്ണാമലൈ പറഞ്ഞു.

സാമൂഹ്യനീതിയെക്കുറിച്ച് സംസാരിക്കുന്ന ഡി.എം.കെയില്‍ എത്ര ആദ്യ തലമുറ രാഷ്ട്രീയക്കാര്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് 2019 ല്‍ ജോലി ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ ചോദിച്ചു. ഡിഎംകെ മാന്യമായ രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ഇരട്ടി ബഹുമാനം നല്‍കും. ഭീഷണിപ്പെടുത്തി രാഷ്ട്രീയം കൈയാളുന്ന പഴയ രീതി ഡി.എം.കെ മറക്കണം. തന്‍റെ കുടുംബം ഫാമില്‍ ജോലി ചെയ്യുകയും ആടുകളെ വളര്‍ത്തുകയും ചെയ്യുന്ന ഗ്രാമീണരായതിനാല്‍ തന്നെ ഭീഷണിപ്പെടുത്താമെന്നാണ് ഡിഎംകെ കരുതുന്നത്. അധിക്ഷേപകരമായ ഭാഷയാണ് ഡി.എ.കെയുടെ ഐടി വിഭാഗം ഉപയോഗിക്കുന്നതെന്നും അണ്ണാമലൈ ആരോപിച്ചു.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അണ്ണാമലൈയെ അതിനു പിന്നാലെ സംസ്ഥാന ബി.ജെ.പി അധ്യക്ഷനായി നിയമിക്കുകയായിരുന്നു. ഈ പദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പാര്‍ട്ടി നേതാവാണ് 38 കാരനായ അണ്ണാമലൈ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News