'ഈ രണ്ട് ഇന്ത്യൻ നിർമിത കഫ്‌ സിറപ്പ് ഉപയോഗിക്കരുത്'; ഉസ്‌ബെക്കിസ്താന് മുന്നറിപ്പ് നൽകി ലോകാരോഗ്യ സംഘടന

ഉത്തർപ്രദേശിലെ മരിയോൺ ബയോടെക് കമ്പനിയാണ് മരുന്ന് നിര്‍മിച്ചിരിക്കുന്നത്

Update: 2023-01-12 03:30 GMT
Editor : Lissy P | By : Web Desk

ഇന്ത്യൻ നിർമിത കഫ്‌സിറപ്പ്‌

ജനീവ: നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മരിയോൺ ബയോടെക് എന്ന കമ്പനി നിർമ്മിച്ച രണ്ട് കഫ് സിറപ്പുകൾ ഉപയോഗിക്കരുതെന്ന് ഉസ്ബെക്കിസ്താന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ).

മരിയോൺ ബയോടെക് നിർമ്മിക്കുന്ന 'നിലവാരമില്ലാത്ത മെഡിക്കൽ ഉൽപ്പന്നങ്ങൾ ഗുണമേന്മയുള്ള മാനദണ്ഡങ്ങളോ സവിശേഷതകളോ പാലിക്കുന്നതിൽ പരാജയപ്പെടുന്നതും അതിനാൽ ഈ കഫ്‌സിറപ്പുകൾ ഉപയോഗിക്കരുതെന്നും ഡബ്ല്യുഎച്ച്ഒ വെബ്‌സൈറ്റിൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

'ആംബ്രോണോൾ സിറപ്പ്, DOK-1 മാക്‌സ് സിറപ്പ് എന്നിവയാണ് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ രണ്ട് മരുന്നുകളും നിർമിച്ചിരിക്കുന്നത് ഉത്തർപ്രദേശിലെ മരിയോൺ ബയോടെക് കമ്പനിയാണ്. ഈ മരുന്നുകൾ ഉപയോഗിക്കുന്നത് മൂലം കുട്ടികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കോ മരണത്തിനോ വരെ കാരണമായേക്കാമെന്നും ആരോഗ്യ ഏജൻസി കൂട്ടിച്ചേർത്തു.

Advertising
Advertising

ഡിസംബർ 22 ന് മരിയോൺ ബയോടെക് കമ്പനി നിർമ്മിച്ച ചുമയുടെ മരുന്ന് കഴിച്ച് ഉസ്‌ബെക്കിസ്താനിൽ 19 കുട്ടികൾ മരിച്ചതിനെ തുടർന്ന്  കമ്പനിയുടെ പ്രൊഡക്ഷൻ ലൈസൻസ് ഉത്തർപ്രദേശ് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വകുപ്പ് റദ്ദാക്കിയിരുന്നു.

ഉസ്‌ബെക്കിസ്താൻ റിപ്പബ്ലിക്കിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര നിയന്ത്രണ ലബോറട്ടറികൾ നടത്തിയ പരിശോധനയിൽ ചുമമരുന്നിൽ അനുവദനീയമായ അളവിലും കൂടുതൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ അല്ലെങ്കിൽ എഥിലീൻ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

കഫ് സിറപ്പ് ഡോക് 1 മാക്സിൽ മായം കലർന്നതായുള്ള റിപ്പോർട്ടുകൾ കണക്കിലെടുത്ത് നോയിഡ ആസ്ഥാനമായുള്ള ഫാർമ കമ്പനിയുടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News