'ചീഫ് ജസ്റ്റിസിനെതിരായ ട്രോളുകളിൽ ഭരണകക്ഷിക്കും പങ്കുണ്ട്'; രാഷ്ട്രപതിക്ക് പരാതി നൽകി പ്രതിപക്ഷം

കോൺഗ്രസ് എം.പി വിവേക് തൻഖയുടെ നേതൃത്വത്തിലുള്ള എം.പിമാരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്

Update: 2023-03-17 10:17 GMT
Editor : afsal137 | By : Web Desk

ഡി.വൈ ചന്ദ്രചൂഡ്

Advertising

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെതിരായ ട്രോളുകളിൽ പ്രതിപക്ഷ എംപിമാർ രാഷ്ട്രപതി ദ്രൗപദി മുർമുവിനും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിക്കും പരാതി നൽകി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ അപമാനിക്കുന്ന ട്രോളുകൾ ആസൂത്രിതമാണ്. ട്രോളുകളിൽ ഭരണ കക്ഷിക്കും പങ്കുണ്ടെന്ന് പരാതിയിൽ പ്രതിപക്ഷ എം.പിമാർ ആരോപിച്ചു. മഹാരാഷ്ട്രയിലെ അധികാര തർക്കം സംബന്ധിച്ച ഹരജികൾ പരിഗണിച്ചതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ട്രോളുകൾ പ്രചരിച്ചത്.

ട്രോളുകൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ  കർശന നടപടികൾ സ്വീകരിക്കണം. ഡൽഹി പൊലീസ് ഇതുസംബന്ധിച്ച വിവരങ്ങൾ തേടണമെന്നും ട്രോളുകൾ പ്രചരിപ്പിച്ചവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും എം.പിമാർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. കോൺഗ്രസ് എം.പി വിവേക് തൻഖയുടെ നേതൃത്വത്തിലുള്ള എം.പിമാരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. കോൺഗ്രസ് എം.പി ദിഗ്വിജയ സിംഗ്, ശക്തിസിൻഹ് ഗോഹിൽ, പ്രമോദ് തിവാരി, അമീ യാഗ്‌നിക്, രഞ്ജീത് രഞ്ജൻ, ഇമ്രാൻ പ്രതാപ്ഗർഹി, ആം ആദ്മി പാർട്ടിയുടെ രാഘവ് ഛദ്ദ, ശിവസേന (യുബിടി) അംഗം പ്രിയങ്ക ചതുർവേദി, സമാജ് വാദി പാർട്ടി അംഗങ്ങൾ എന്നിവരാണ് കത്തിൽ ഒപ്പുവെച്ചത്. ജയാ ബച്ചനും രാം ഗോപാൽ യാദവും ഇതേ വിഷയത്തിൽ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിക്ക് പ്രത്യേകം കത്തെഴുതിയിട്ടുണ്ട്.

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കാൻ കാരണമായ, വിശ്വാസവോട്ടെടുപ്പിന് ആഹ്വാനം ചെയ്ത മഹാരാഷ്ട്ര മുൻ ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ നടപടിയുടെ സാധുത സംബന്ധിച്ച കേസിൽ വാദം കേൾക്കലിന് ശേഷമാണ് ചീഫ് ജസ്റ്റ്ിസിനും സുപ്രിംകോടതിക്കുമെതിരെ ട്രോൾ ആക്രമണമുണ്ടായതെന്നാണ് കത്തിലെ പ്രധാന പരാമർശം. മുൻ ചീഫ് ജസ്റ്റിസ് എൻ വി രമണ സമൂഹമാധ്യമങ്ങളിൽ ജുഡീഷ്യറിക്കെതിരെ വർധിച്ചുവരുന്ന സൈബർ ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ട്രോളുകളുൾപ്പെടെയുള്ള സൈബർ ആക്രമണങ്ങൾ പ്രത്യേക ലക്ഷ്യത്തോടെയുള്ളതാണെന്നും കേന്ദ്ര ഏജൻസികൾ അവയെ ഫലപ്രദമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാർക്കെതിരായ സോഷ്യൽ മീഡിയ വിമർശനം തടയാൻ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻ.വി രമണ തനിക്ക് കത്തെഴുതിയതായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു. എന്നാൽ, നിയമനിർമ്മാണത്തിലൂടെ ജഡ്ജിമാർക്കെതിരായ വിമർശനം നിയന്ത്രിക്കുന്നത് പ്രായോഗികമല്ലെന്ന് കിരൺ റിജിജു വ്യക്തമാക്കി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News