'പൂനം പാണ്ഡെ മരിച്ചു!' കേട്ടപാതി കേൾക്കാത്ത പാതി മുസ്‌ലിമായ മുൻ ഭർത്താവിനെ കുറ്റപ്പെടുത്തി ഹിന്ദുത്വ വെബ്‌സൈറ്റ്, വിവാദം

വ്യാജ മരണവാർത്ത പുറത്തുവിട്ട പൂനം പാണ്ഡെ ചെയ്തത് അഞ്ചു ലക്ഷം പിഴയും മൂന്നു വർഷം തടവും ലഭിക്കുന്ന കുറ്റമെന്ന് റിപ്പോർട്ട്

Update: 2024-02-04 05:08 GMT
Advertising

ന്യൂഡൽഹി: ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ മരിച്ചുവെന്ന വ്യാജ വാർത്ത വന്നയുടൻ മുൻ ഭർത്താവ് സാം അഹമ്മദിനെ കുറ്റപ്പെടുത്തി വാർത്ത നൽകി ഹിന്ദുത്വ വെബ്‌സൈറ്റ്. വാർത്തയ്ക്ക് ഹിന്ദു-മുസ്‌ലിം സ്വഭാവം നൽകാനുള്ള ഓപ്ഇന്ത്യ.കോമിന്റെ കുതന്ത്രം ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈറാണ് ചൂണ്ടിക്കാട്ടിയത്. മുൻ ഭർത്താവായ സാം അഹ്മദ് പീഡിപ്പിച്ചെന്നും അത് മസ്തിഷ്‌ക രക്തസ്രാവത്തിന് വരെ ഇടവരുത്തിയെന്നുമായിരുന്നു വാർത്ത. പൂനം പാണ്ഡെയുടെ മരണം മുൻ ഭർത്താവ് സാം അഹമ്മദിൽ നിന്ന് പീഡനത്തിന് ഇരയായത് എങ്ങനെയെന്നതിനെക്കുറിച്ചും മസ്തിഷ്‌ക രക്തസ്രാവത്തിന് കാരണമായെന്നുമുള്ള ചർച്ചകൾക്ക് തുടക്കമിട്ടുവെന്നായിരുന്നു തലക്കെട്ട്.

പൂനം മരിച്ചുവെന്ന വ്യാജ വാർത്ത പുറത്തുവന്ന ഫെബ്രുവരി രണ്ടിന് തന്നെയാണ് ഈ കുറിപ്പും വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത്. എന്നാൽ മരണ വിവരം വ്യാജമാണെന്ന് താരം അറിയിച്ചതോടെ കുറിപ്പിന് മുകളിൽ അപ്‌ഡേഷൻ നൽകിയിട്ടുണ്ട്. പൂനം പാണ്ഡേയും സാം അഹ്മദും തമ്മിലുള്ള വിവാഹം കഴിഞ്ഞ് 11ാം ദിവസം മുതൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ഓപ്ഇന്ത്യ വാർത്ത കൊടുത്തത്. ഭർത്താവ് തന്നെ മർദിക്കാറുണ്ടായിരുന്നുവെന്ന് പിന്നീട് ലോക്കപ്പ് ടിവി റിയാലിറ്റി ഷോയിൽ പൂനം പറഞ്ഞതായും വാർത്തയിൽ പറഞ്ഞു.

 

ഓപ് ഇന്ത്യയുടെ വ്യാജ വാർത്തക്കെതിരെ നിരവധി പേർ എക്‌സടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചു. വിഷയത്തിൽ ഓപ്ഇന്ത്യ മാപ്പ് പറയുമോയെന്ന് ഒരാൾ ചോദിച്ചു. കാത്തിരിക്കൂ, മുസ്‌ലിം സമുദായത്തിനെതിരെ വ്യാജ വാർത്ത നൽകുകയാണ് അവർ സ്ഥിരം ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെർവിക്കൽ കാൻസർ ബാധിച്ച് മരിച്ചുവെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച നടി പൂനം പാണ്ഡെ ചെയ്തത് അഞ്ചു ലക്ഷം പിഴയും മൂന്നു വർഷം വരെ തടവും ലഭിക്കുന്ന കുറ്റമാണെന്നാണ്‌ റിപ്പോർട്ട്. 2000ത്തിലെ ഐടി നിയമത്തിലെ സെക്ഷൻ 67 പ്രകാരം ഈ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അവർ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. സമൂഹ മാധ്യമങ്ങളിൽ കിംവദന്തി പ്രചരിപ്പിക്കുന്നതിനാണ് ഈ ശിക്ഷ ലഭിക്കുക. അതേ കുറ്റം ആവർത്തിച്ചാൽ പ്രതിക്ക് അഞ്ചു വർഷം തടവും പത്ത് ലക്ഷം വരെ പിഴയും ലഭിക്കും.

കഴിഞ്ഞ ദിവസമാണ് സെർവിക്കൽ കാൻസർ ബാധിച്ചതിനെ തുടർന്ന് പൂനം പാണ്ഡെ മരിച്ചെന്ന വാർത്തകൾ പ്രചരിച്ചത്. നടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതുസംബന്ധിച്ച പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നാലെ മരിച്ചിട്ടില്ലെന്ന വിശദീകരണത്തോടെ പൂനം പാണ്ഡെ തന്നെ രംഗത്തെത്തുകയായിരുന്നു. സെർവിക്കൽ കാൻസറിനെ പറ്റി സമൂഹത്തിൽ അവബോധം നൽകാനാണ് വ്യാജ മരണവാർത്ത സൃഷ്ടിച്ചതെന്നാണ് പൂനത്തിന്റെ വിശദീകരണം.

വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ചാണ് പൂനം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്.'എന്റെ മരണത്തെക്കുറിച്ചുള്ള പോസ്റ്റ് വ്യാജവാർത്തയായിരുന്നു അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചർച്ചകൾ നടന്നു. ഈ രോഗം മനുഷ്യനെ പതുക്കെ കാർന്നു തിന്നുന്നതാണ്. ധാരാളം സ്ത്രീകളുടെ ജീവൻ ഈ രോഗം കവർന്നിട്ടുണ്ട്. സെർവിക്കൽ കാൻസറും തടയാം. എച്ച്.പി.വി വാക്സിനെടുക്കുക. കൃത്യമായി മെഡിക്കൽ പരിശോധന നടത്തുക. സെർവിക്കൽ കാൻസറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തിൽ പങ്കാളികളാകണം'- പൂനം പറയുന്നു. പൂനത്തെ വിമർശിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. വൈറലാകാൻ നടത്തിയ വ്യാജ മരണവാർത്തക്കെതിരെ നടപടിയെടുക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം.

അതേസമയം, സെർവിക്കൽ കാൻസർ ചർച്ചയാക്കാൻ മനഃപൂർവം മരണവാർത്ത സൃഷ്ടിച്ച നടി പൂനം പാണ്ഡെക്കെതിരെ കേസെടുക്കണമെന്ന് ആൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ (എ.ഐ.സി.ഡബ്ല്യൂ.എ). പബ്ലിസിറ്റിക്കായി നടി ചെയ്തത് തെറ്റാണെന്നും നടിക്കെതിരെ കേസെടുക്കണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നത്.

'മോഡലും നടിയുമായ പൂനം പാണ്ഡെയുടെ വ്യാജ പിആർ സ്റ്റണ്ട് തീർത്തും തെറ്റാണ്. സ്വയം പ്രമോഷനായി സെർവിക്കൽ കാൻസറിനെ ഉപയോഗിച്ചത് അംഗീകരിക്കാനാവില്ല. ഈ വാർത്തയ്ക്ക് ശേഷം, ഇന്ത്യൻ സിനിമയിലെ ഏത് മരണവാർത്തയും വിശ്വസിക്കാൻ ആളുകൾ മടിച്ചേക്കാം. ആരും പബ്ലിസിറ്റിക്ക് വേണ്ടി ഇത്രയും തരംതാണിട്ടില്ല' സിനി വർക്കേഴ്‌സ് അസോസിയേഷൻ എക്‌സിൽ കുറിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്കായി വ്യാജ മരണവാർത്ത പ്രചരിപ്പിച്ച നടിക്കും മാനേജർക്കുമെതിരെ കേസെടുക്കണമെന്നും സിനി വർക്കേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News