ചൂടുപിടിച്ച് പെഗാസസ്; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, സുരക്ഷാ ഏജൻസി മേധാവികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ കൂടുതൽ പേരു വിവരങ്ങൾ ഇന്ന് പുറത്ത് വരുമെന്നും റിപ്പോർട്ടുകളുണ്ട്.

Update: 2021-07-20 01:44 GMT
Editor : Suhail | By : Web Desk
Advertising

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷം ഇന്ന് സഭയിൽ ആവശ്യപ്പെടും. രാഹുൽ ഗാന്ധിയുടെ ഫോണും ചോർത്തിയെന്ന വാർത്ത പുറത്ത് വന്നതോടെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്.

വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം ഫോണ്‍ ചോർത്തൽ വിവാദത്തിൽ രാജ്യസഭയും ലോക്സഭയും രണ്ട് തവണ നിർത്തി വെച്ചിരുന്നു. ഇന്നും ഈ വിഷയത്തിൽ സമാന പ്രതിഷേധം തന്നെയാവും പ്രതിപക്ഷം ഉയർത്തുക. ടി.എം.സി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഫോൺ ചോർത്തൽ വിവാദത്തിൽ അടിയന്തര പ്രമേയത്തിന് ഇന്ന് നോട്ടീസ് നൽകിയേക്കും.

ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ ലോക്സഭയിൽ മറുപടി പറഞ്ഞെങ്കിലും പ്രതിപക്ഷം അതിൽ തൃപ്തരല്ല. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് ആഭ്യന്തര മന്ത്രിയുടെ രാജി കോൺഗ്രസ് ആവശ്യപ്പെടുനത്.

പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ശശി തരൂർ എം.പി ആവശ്യപ്പെട്ടത്. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ഈ വിഷയത്തിൽ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ സഭയിൽ ഇന്ന് മറുപടി പറഞ്ഞേക്കാം. അതെ സമയം ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, സുരക്ഷാ ഏജൻസി മേധാവികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ കൂടുതൽ പേരു വിവരങ്ങൾ ഇന്ന് പുറത്ത് വരുമെന്നും റിപ്പോർട്ടുകളുണ്ട്.

പെഗാസസിന് പുറമെ ഇന്ധന വിലവർദ്ധനയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചയും ഈ സഭാ സമ്മേളനത്തിൽ ആയുധമാക്കാനാണ് പ്രതീക്ഷ നീക്കം.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News