മൊബൈലിലെ ഔട്ട്ഗോയിങ് സേവനങ്ങൾ നിർത്തലാക്കി; പോളിങ് ഏജന്റുമാരെ തടങ്കലിലാക്കി: ആരോപണങ്ങളുമായി മെഹബൂബ മുഫ്തി

മെഹബൂബ അനന്ത്‌നാഗ്-രജൗരി ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്

Update: 2024-05-25 13:23 GMT
Advertising

ശ്രീനഗർ: തന്റെ മൊബൈൽ നമ്പറിൽ നിന്നുള്ള ഔട്ട്ഗോയിങ് സേവനങ്ങൾ മുന്നറിയിപ്പുമില്ലാതെ നിർത്തലാക്കിയെന്ന ആരോപണവുമായി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രികൂടിയായ മെഹബൂബ അനന്ത്‌നാഗ്-രജൗരി ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.

ഈ മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഇന്ന് രാവിലെ മുതലാണ് തന്റെ ഫോണിൽ നിന്നുള്ള ഔട്ട്ഗോയിങ് സേവനങ്ങൾ സസ്‌പെൻഡ് ചെയ്തതെന്ന് മെഹബൂബ എക്‌സിൽ കുറിച്ചു.

പിഡിപിയുടെ പോളിങ് ഏജന്റുമാരിൽ പലരും വോട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പ് തടങ്കലിലാക്കപ്പെടുന്നുണ്ടെന്നും നിരവധി പ്രവർത്തകരെ തടഞ്ഞുവെക്കുന്നുണ്ടെന്നും കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിതായും അവർ പറഞ്ഞു.

പ്രവർത്തകരെ തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇത് നടന്നതെന്ന് വ്യക്തമായതായും വിഷയത്തിൽ സംയോജിതമായ ഇടപെടൽ പ്രതീക്ഷിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്നും മെഹബൂബ പറഞ്ഞു.

പിഡിപിയുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയും ഇതുസംബന്ധിച്ച പ്രതിഷേധം രേഖപ്പെടുത്തുകയും നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News