'യോഗം ചേരാനായി പോലും കോൺഗ്രസ് മുൻകൈ എടുക്കുന്നില്ല'; ഇൻഡ്യാ സഖ്യത്തിൽ അതൃപ്തിയുമായി സിപിഐ
ഡൽഹിയിൽ ബിജെപി മുഖ്യമന്ത്രി വരുന്നത് ഒഴിവാക്കാനായി കോൺഗ്രസ് പ്രവർത്തിക്കേണ്ടിയിരുന്നു
ഡൽഹി: ഇൻഡ്യാ സഖ്യത്തിന്‍റെ നിലവിലെ പ്രവർത്തനത്തിൽ കടുത്ത അതൃപ്തിയുമായി സിപിഐ. യോഗം ചേരാനായി പോലും കോൺഗ്രസ് മുൻകൈ എടുക്കുന്നില്ലെന്ന് പി.സന്തോഷ് കുമാര്‍ എംപി പറഞ്ഞു. ഡൽഹിയിൽ ബിജെപി മുഖ്യമന്ത്രി വരുന്നത് ഒഴിവാക്കാനായി കോൺഗ്രസ് പ്രവർത്തികേണ്ടിയിരുന്നു എന്നും സന്തോഷ് മീഡിയവണിനോട് വ്യക്തമാക്കി.
ഡൽഹി തെരഞെടുപ്പ് പ്രഖ്യാപിച്ചശേഷം, ഇന്‍ഡ്യാ സഖ്യത്തിലെ പാർട്ടികൾ പാർലമെൻ്റിൽ പോലും യോഗം ചേരുന്നില്ല. ബിജെപി നേതാക്കളേക്കാൾ ശക്തമായി അരവിന്ദ് കെജ്‍രിവാളിനെ അക്ഷേപിച്ചിരുന്നത് കോൺഗ്രസായിരുന്നു. 27 വർഷമായി ഡൽഹിയിൽ അധികാരത്തിൻ്റെ പുറത്ത് നിന്നിരുന്ന ബിജെപിയ്ക്ക് ഭരണം കിട്ടാതിരിക്കാൻ കോൺഗ്രസ് ജാഗ്രത പാലിക്കേണ്ടായിരുന്നു എന്നാണ് സിപിഐയുടെ നിലപാട്.
സഖ്യമായി നീങ്ങണോ ഒറ്റയ്ക്ക് പോകണോ എന്ന് തീരുമാനിക്കണമെന്ന് കോൺഗ്രസ് എംപി താരിഖ് അൻവർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജ്യസഭയിലെ സഭാകക്ഷിനേതാവ് കൂടിയായ സന്തോഷ് കുമാറിന്‍റെ പ്രതികരണം. ഒരു സംസ്ഥാനത്ത് ബിജെപിക്ക് കൂടുതൽ എംഎല്‍എമാർ ഉണ്ടാകുന്നതോടെ സംസ്ഥാന ഭരണം ലഭിക്കുന്നത് മാത്രമല്ല,രാജ്യസഭയിൽ ബിജെപിക്ക് എംപിമാർ കൂടാനും ഇടയാക്കും. ഇത്തരം രാഷ്ട്രീയജാഗ്രതയാണ് കോൺഗ്രസിന് നഷ്ടമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.