മോദിക്കെതിരായ പ്രതികാര രാഷ്ട്രീയത്തിനെതിരായിരുന്നു താനും മൻമോഹൻ സിങ്ങുമെന്ന് ശരദ് പവാര്‍

മറാത്തി മാധ്യമമായ 'ലോക്‌സത്ത' സംഘടിപ്പിച്ച പരിപാടിയില്‍ മോദിയുടെ ഭരണരീതിയെ അഭിനന്ദിക്കാനും എൻസിപി നേതാവ് ശരദ് പവാർ മറന്നില്ല

Update: 2021-12-30 11:43 GMT
Editor : Shaheer | By : Web Desk
Advertising

നരേന്ദ്ര മോദിക്കെതിരായ പ്രതികാരരാഷ്ട്രീയത്തിനെതിരായിരുന്നു താനും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. മറാത്തി മാധ്യമമായ 'ലോക്‌സത്ത' നടത്തിയ പരിപാടിയിലായിരുന്നു പവാറിന്റെ വെളിപ്പെടുത്തൽ.

യുപിഎ സർക്കാരിന്റെ കാലത്തായിരുന്നു അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദിക്കെതിരെ വ്യക്തിപരമായി വേട്ടയാടുന്നത് ശരിയല്ലെന്ന നിലപാട് സ്വീകരിച്ചതെന്ന് പവാർ വെളിപ്പെടുത്തിയത്. 2004-2014 കാലത്തെ യുപിഎ സർക്കാരുകളിൽ കൃഷിമന്ത്രിയായിരുന്നു പവാർ.

കേന്ദ്ര അന്വേഷണ ഏജൻസികളും കേന്ദ്ര സർക്കാരും മോദിയുടെ പിന്നാലെയുള്ള ഘട്ടത്തിൽ അദ്ദേഹത്തിനെതിരെ ഒരു നടപടിയും കൈക്കൊള്ളരുതെന്ന നിലപാടിലായിരുന്നു മൻമോഹൻ സിങ്ങും പവാറുമെന്ന വാർത്തകൾ ശരിയാണോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശരദ് പവാര്‍. ഇക്കാര്യം ഭാഗികമായി ശരിയാണെന്നായിരുന്നു പവാറിന്റെ മറുപടി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ താൻ കേന്ദ്രത്തിലുണ്ടായിരുന്നു. അക്കാലത്ത് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമ്പോഴെല്ലാം ബിജെപി മുഖ്യമന്ത്രിമാരെ നയിക്കാറ് മോദിയാണ്. ഈ യോഗങ്ങളിലെല്ലാം കേന്ദ്രസർക്കാരിനെതിരെ മോദിയുടെ കടുത്ത ആക്രമണവുമുണ്ടാകാറുണ്ടെന്നും പവാർ കൂട്ടിച്ചേർത്തു.

ഇത്തരം ഘട്ടങ്ങളിൽ മോദിയോട് എങ്ങനെ പ്രതികരിക്കണമെന്ന തരത്തിലുള്ള ആലോചനകളുണ്ടാകാറുണ്ട്. അന്ന് യുപിഎ സർക്കാരിൽ താനല്ലാതെ മറ്റൊരാൾക്കും മോദിയുമായി സംസാരിക്കാനാകുമായിരുന്നില്ല. എന്നാൽ, മോദിയുമായും അദ്ദേഹത്തിന്റെ പാർട്ടിയുമായും അഭിപ്രായഭിന്നതകളൊക്കെയുണ്ടെങ്കിലും അദ്ദേഹമൊരു മുഖ്യമന്ത്രിയാണെന്നും ഗുജറാത്ത് ജനത അദ്ദേഹത്തിനു ഭൂരിപക്ഷം നൽകിയിട്ടുണ്ടെന്നുമുള്ള കാര്യം മറക്കരുതെന്ന് യുപിഎ യോഗത്തിലൊക്കെ താൻ പറയാറുണ്ട്. മോദി പ്രശ്‌നങ്ങളുമായി വരുമ്പോൾ അത്തരം അഭിപ്രായഭിന്നതകൾ പരിഹരിക്കൽ നമ്മുടെ ദേശീയ ഉത്തരവാദിത്തമാണ്, അദ്ദേഹത്തിന്റെ നാട്ടിലെ ജനങ്ങളെ അതു ബാധിക്കരുതെന്നുമെല്ലാം താൻ പറയാറുണ്ടായിരുന്നു. ഈ സമയത്തെല്ലാം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് തന്നെ പിന്തുണക്കാറുണ്ടെന്നും പവാർ കൂട്ടിച്ചേർത്തു.

സംസാരത്തിൽ മോദിയുടെ ഭരണരീതിയെ പ്രശംസിക്കാനും പവാർ മറന്നില്ല. എന്തെങ്കിലും ദൗത്യം ഏറ്റെടുത്താൽ അതു പൂർത്തിയാക്കിയിട്ടേ മോദി അടങ്ങിയിരിക്കൂവെന്ന് പവാർ പ്രശംസിച്ചു. ഭരണതലത്തിൽ നല്ല സ്വാധീനമുണ്ട് മോദിക്ക്. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവെന്നും സമയമെടുത്തിട്ടാണെങ്കിലും നന്നായി അധ്വാനിച്ചുതന്നെ മോദി കാര്യങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നും പവാർ കൂട്ടിച്ചേർത്തു.

Summary: NCP president Sharad Pawar on said he and then-Prime Minister Manmohan Singh were of the opinion that no "vindictive" politics should be played against Narendra Modi when he was Gujarat Chief Minister.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News