ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്: സഖ്യചർച്ചകൾ സജീവമാക്കി പി.ഡി.പി

കോൺഗ്രസിന് മുന്നിൽ ഇപ്പോഴും പി.ഡി.പി വാതിലടച്ചിട്ടില്ല

Update: 2024-08-28 01:10 GMT

ന്യൂഡൽഹി: ആദ്യഘട്ട നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചതോടെ ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിൽ. തെരഞ്ഞെടുപ്പ് അടുക്കെ സഖ്യചര്‍ച്ചകൾ പി.ഡി.പി സജീവമാക്കി. മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളെ പിന്തുണച്ചാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് പി.ഡി.പി.

കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷനല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന രീതിയിലാണ് പി.ഡി.പിയുടെ പ്രചാരണം. പാർട്ടിക്ക് വലിയ സ്വാധീനമില്ലാത്ത മേഖലകളിലും ഇത്തവണ വലിയ മുന്നേറ്റം നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. അതിനായി പാർട്ടി അധ്യക്ഷ മെഹബൂബ് മുഫ്തി അടക്കമുള്ള പാർട്ടി മുഖങ്ങൾ പരമാവധി ഇടങ്ങളിൽ പ്രചാരണത്തിന് എത്തുന്നുണ്ട്.

Advertising
Advertising

അതേസമയം, കോൺഗ്രസിന് മുന്നിൽ ഇപ്പോഴും പി.ഡി.പി വാതിലടച്ചിട്ടില്ല. ഉറപ്പുകള്‍ പാലിക്കുമെന്ന് വ്യക്തത വരുത്തിയാല്‍ കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ പിന്തുണയ്ക്കാമെന്ന് മെഹബൂബ മുഫ്തി വ്യക്തമാക്കിയിട്ടുണ്ട്.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും, ഇന്ത്യ-പാക്കിസ്ഥാന്‍ നയതന്ത്രബന്ധം ഊഷ്മളമാക്കാന്‍ ശ്രമിക്കും എന്നീ വാഗ്ദാനങ്ങളുമായാണ് പി.ഡി.പി പ്രകടന പത്രിക പുറത്തിറക്കിയത്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷിത ജീവിതവും പ്രത്യേക പാര്‍പ്പിട പദ്ധതിയും പി.ഡി.പി ഉറപ്പുനല്‍കുന്നുണ്ട്. ഇതിനോടെല്ലാം കോൺഗ്രസ്‌ യോജിക്കുകയാണെങ്കിൽ പി.ഡി.പി ഒപ്പം ചേരും.

അതേസമയം, സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കുള്ളിൽ ഭിന്നതകൾ ഉടലെടുത്തിട്ടുണ്ടെങ്കിലും അതെല്ലാം ഉടൻ പരിഹരിച്ച് തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി നേതാക്കൾ. ഒറ്റക്ക് മത്സരിക്കുന്ന ആം ആദ്മി പാർട്ടിയും വിവിധ മണ്ഡലങ്ങളിൽ ഇതിനോടകം തന്നെ സ്വാധീനം അറിയിച്ചു കഴിഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News