'താജ്മഹലിലെ 20 മുറികൾ തുറക്കൂ... ഹിന്ദു വിഗ്രഹങ്ങളുണ്ടോയെന്നറിയാം'; ആവശ്യവുമായി അലഹബാദ് ഹൈക്കോടതിയിൽ ബി.ജെ.പി നേതാവിന്റെ ഹരജി

മുറികളിലെ രഹസ്യം പുറത്തുകൊണ്ടുവരാൻ കമ്മിറ്റിയെ നിയമിക്കാൻ ഉത്തർപ്രദേശ് സർക്കാറിന് കോടതി നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു

Update: 2022-05-08 07:40 GMT
Advertising

താജ്മഹലിനകത്തെ 20 മുറികളും തുറന്ന് ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ ഹരജി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് പരിശോധന നടത്താൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിലാണ് ഹരജി നൽകിയത്. ബിജെപിയുടെ അയോധ്യയിലെ മീഡിയ ഇൻ ചാർജായ ഡോ. രജനീഷ് സിങാണ് പരാതിക്കാരൻ. അഭിഭാഷകനായ രുദ്ര വിക്രം സിങ്ങാണ് രജനീഷിനായി കോടതിയെ സമീപിച്ചത്.



''താജ്മഹലുമായി ബന്ധപ്പെട്ട് പഴയൊരു വിവാദമുണ്ട്. അതിനകത്തെ ഏതാണ്ട് 20 മുറികളിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ലിഖിതങ്ങളുമുണ്ട്. അതിനാലാണവ തുറക്കാൻ അനുവദിക്കാത്തത്'' ഡോ. രജനീഷ് സിങ് അവകാശപ്പെട്ടു. ഈ മുറികൾ തുറന്ന് വിവാദത്തിന് അന്ത്യമുണ്ടാക്കാനാണ് താൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യത്തിനായി കമ്മിറ്റിയെ നിയമിക്കാൻ ഉത്തർപ്രദേശ് സർക്കാറിന് കോടതി നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

2020 മുതൽ ഈ മുറികളിലെ രഹസ്യം വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുകയാണ് രജനീഷ് സിങ്. 2020 ൽ മുറികളിലെ വിവരം തേടി ഇദ്ദേഹം സാംസ്‌കാരിക മന്ത്രാലയത്തിൽ ആർ.ടി.ഐ സമർപ്പിച്ചിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാലാണ് മുറികൾ പൂട്ടിയതെന്നാണ് അന്ന് മന്ത്രാലയം അറിയിച്ചിരുന്നതെന്ന് രജനീഷ് വ്യക്തമാക്കുന്നു. മുറികളെ കുറിച്ച് മറ്റൊരു വിവരവും നൽകിയിരുന്നില്ലെന്നും പരാതിക്കാരൻ പറഞ്ഞു. ഇത്തരം ശ്രമങ്ങൾ പരാജയപ്പെട്ടത് കൊണ്ടാണ് ഹൈക്കോടതിയിൽ ഹരജി നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല സംഘ്പരിവാര സംഘടനകളും താജ് മഹൽ തേജോ മഹാലയയാണെന്നും ഹിന്ദുക്ഷേത്രമാണെന്നും അവകാശപ്പെടാറുണ്ട്.

petition filed in Allahabad High Court seeking open Taj Mahal rooms, check Hindu idols and inscriptions

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News