ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്തുള്ള ഹരജികൾ ഇന്ന് സുപ്രിംകോടതിയില്‍
കമ്മീഷന്റെ നീക്കം ഭരണഘടനാ വിരുദ്ധമെന്ന് വാദം
ന്യൂഡല്‍ഹി: ബിഹാറിൽ വോട്ടർ പട്ടിക പരിഷ്കരണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കോൺഗ്രസ്, ആർജെഡി, തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും അഭിഭാഷക സംഘടനകളുമാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ്മാരായ സുധാൻ ഷൂ ധൂലിയ, ജോയ് മല്യ ബാഗ്ച്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക. ബിഹാറിൽ വോട്ടർപട്ടിക പരിഷ്കരിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരായ ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കോൺഗ്രസ് എംപി നേതാവ് കെ.സി. വേണുഗോപാൽ, ആര്‍ജെഡി എംപി മനോജ് ഝാ, ആക്ടിവിസ്റ്റുകളായ യോഗേന്ദ്ര യാദവ്, അർഷാദ് അജ്മൽ, എൻജിഒകൾ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്നിവരുടെ ഹരജികളാണ് പരിഗണിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഭരണഘടന വിരുദ്ധം എന്നാണ് ഹരജികളിലെ പ്രധാന വാദം. അതേസമയം, കമ്മീഷന്‍റെ സ്പെഷ്യൽ ഇന്റെൻസീവ് റിവിഷനെ പിന്തുണച്ച് അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിയും കോടതി ഇന്ന് വാദം കേൾക്കും. ജസ്റ്റിസ്മാരായ സുധാൻ ഷൂ ധൂലിയ, ജോയ് മല്യ ബാഗ്ച്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക.
കഴിഞ്ഞതവണ ഹരജികൾ സംബന്ധിച്ച് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നൽകിയിരുന്നു. രാജ്യത്തെ പൗരന്റെ വോട്ട് അവകാശം ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. അതേസമയം, കമ്മീഷന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്നലെ അരങ്ങേറിയത്. നടപടിയിൽ നിന്നും കമ്മീഷൻ പിന്നോട്ട് പോയില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന് നീക്കം.