വനിതാ എസ്ഐയോട് അപമര്യാദയായി പെരുമാറി; ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ

ജില്ലയിലെ ഓരോ സബ് സർക്കിളിലും പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരെ ബോധവത്കരിക്കാനായി നടത്തിയ പരിശീലന സെഷനിടെയായിരുന്നു സംഭവം.

Update: 2024-05-23 06:29 GMT
Advertising

ചെന്നൈ: മദ്യലഹരിയിൽ വനിതാ സബ് ഇൻസ്‌പെക്ടറോടും മറ്റ് സഹപ്രവർത്തകരോടും അപമര്യാദയായി പെരുമാറിയ ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ കാട്പാഡി പൊലീസ് സ്റ്റേഷനിലെ കോൺ​സ്റ്റബിൾ സി. ​ഗോപിനാഥിനെതിരെയാണ് നടപടി.

വെല്ലൂർ പൊലീസ് സൂപ്രണ്ട് എൻ. മണിവർണനാണ് സസ്പെൻഡ് ചെയ്തത്. 1955ലെ തമിഴ്‌നാട് പൊലീസ് സബോർഡിനേറ്റ് സർവീസസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) റൂൾസ് പ്രകാരമാണ് സി.ഗോപിനാഥിനെതിരായ നടപടിയെന്ന് എസ്.പി പ്രസ്താവനയിൽ അറിയിച്ചു.

ജില്ലയിലെ ഓരോ സബ് സർക്കിളിലും പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരെ ബോധവത്കരിക്കാനായി ജില്ലാ പൊലീസിൻ്റെ നേതൃത്വത്തിൽ പരിശീലന സെഷൻ സംഘടിപ്പിച്ചിരുന്നതായി വെല്ലൂർ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. വിഐടി ക്യാമ്പസിൽ നടന്ന പരിശീലന പരിപാടിയിൽ വനിതാ കോൺസ്റ്റബിൾമാരും കാട്പാടി പൊലീസ് സബ് സർക്കിളിലെ ഓഫീസർമാരും ഉൾപ്പെടെ 40 ഓളം പൊലീസുകാരാണ് പങ്കെടുത്തത്.

ഇവിടെ വച്ചാണ്, മദ്യപിച്ച് എത്തിയ ഗോപിനാഥ് ഒരു വനിതാ സബ് ഇൻസ്‌പെക്ടറോടും കാട്‌പാടി എസ്എച്ച്ഒ എസ്. ഭാരതിയോടും മോശമായി പെരുമാറിയത്. പൊലീസുകാർ ഇയാളെ ഉടൻ തന്നെ കാട്‌പാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

തുടർന്ന് വെല്ലൂരിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ മദ്യത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു. അന്വേഷണം നടത്തി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സൂപ്രണ്ട് സസ്പെൻഡ് ചെയ്യുകയായിരുന്നു.

സസ്‌പെൻഡ് ചെയ്ത ഹെഡ് കോൺസ്റ്റബിളിനെതിരെ വനിതാ പൊലീസ് കോൺസ്റ്റബിൾമാർ നൽകിയ പരാതികൾ ഉൾപ്പെടെ നാല് പരാതികൾ തീർപ്പാക്കാനുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News