ഗുണ്ടാ നേതാവ്,കൊലപാതകക്കേസിൽ ജയിലിൽ; അനന്ത് കുമാറിനെ കൈവിടാതെ മൊകമ, 15,000 വോട്ടിന്‍റെ ലീഡ്
2020ൽ ആര്‍ജെഡി സ്ഥാനാര്‍ഥിയായും 2015ൽ സ്വതന്ത്രനായും മത്സരിച്ചയാളാണ് അനന്ത് കുമാര്‍
പറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മൊകമയിലെ സിറ്റിങ് എംഎൽഎയായ ജെഡിയുവിന്‍റെ അനന്ത് കുമാർ സിങ് 15,000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. 2020ൽ ആര്‍ജെഡി സ്ഥാനാര്‍ഥിയായും 2015ൽ സ്വതന്ത്രനായും മത്സരിച്ചയാളാണ് അനന്ത് കുമാര്‍.
വീണാ ദേവിയെയാണ് ആര്‍ജെഡി രംഗത്തിറക്കിയത്. പ്രശാന്ത് കിഷോറിന്‍റെ ജൻ സ്വരാജ് പാർട്ടിയുടെ പ്രിയദർശി പിയൂഷ് മത്സരരംഗത്തുണ്ട്. ജൻ സൂരജ് അനുഭാവിയായ ദുലാർ ചന്ദ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിൽ അറസ്റ്റിലായി ജയിലിലാണ് അനന്ത് കുമാര്‍. ജയിലിലാണെങ്കിലും, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് അദ്ദേഹത്തിന് മണ്ഡലത്തിൽ സിങ്ങിന് അനുകൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 'ജയിൽ കവാടങ്ങൾ തകർക്കും, നമ്മുടെ സിംഹം മോചിതനാകും' എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ. നവംബര്‍ 2നാണ് ഇയാൾ അറസ്റ്റിലാകുന്നത്.
ഒരു കാലത്ത് ഗുണ്ടാ നേതാവായിരുന്ന പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. തെരഞ്ഞെടുപ്പിൽ പ്രിയദർശി പിയൂഷിന് വേണ്ടി മൊകാമയിൽ പ്രചാരണം നടത്തുന്നതിനിടെയാണ് ദുലാർ ചന്ദ് യാദവ് കൊല്ലപ്പെടുന്നത്. നിലവിൽ സിങ്ങിന്‍റെ പേരിൽ 28 ക്രിമിനൽ കേസുകളുണ്ട്. അഞ്ച് തവണം മൊകാമ നിയമസഭാ സീറ്റിൽ നിന്ന് വിജയിച്ചിട്ടുണ്ട്. 2005 ൽ നിയമസഭയിലേക്ക് അരങ്ങേറ്റം കുറിച്ച അദ്ദേഹം 2010 ലെ തെരഞ്ഞെടുപ്പിൽ ജെഡിയുവിനു വേണ്ടി സീറ്റ് നിലനിർത്തി.
2015-ൽ, നിതീഷ് കുമാർ ലാലു പ്രസാദ് യാദവിന്റെ ആർജെഡിയുമായി കൈകോർത്തതിനെത്തുടർന്ന് അദ്ദേഹം ജെഡിയു വിട്ടു. സ്വതന്ത്രനായി മത്സരിച്ച് ജെഡിയു സ്ഥാനാർഥിയെ പരാജയപ്പെടുത്തി. 2020-ൽ, നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്, സിങ് ആർജെഡിയിലേക്ക് മാറി, ഒരു തവണ കൂടി വിജയിച്ചു. അന്ന് 35,757 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അനന്ത് കുമാര്‍ ജയിച്ചത്.
2022-ൽ ആയുധ കേസിൽ ശിക്ഷിക്കപ്പെട്ട് അദ്ദേഹത്തിന് നിയമസഭാംഗത്വം നഷ്ടപ്പെട്ടിരുന്നു. ഭാര്യ നീലം ദേവി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് മൊകാമ നിലനിർത്തി. പിന്നീട് ജെഡിയുവിലേക്ക് തിരിച്ചെത്തുകയായിരുന്നു. നവംബർ 6 ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിലാണ് മൊകാമ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്.