ചരിത്രത്തിലേക്ക് ദ്രൗപദി മുർമു; കേവല ഭൂരിപക്ഷം പിന്നിട്ടു

ദ്രൗപദി മുർമുവിന് ലഭിച്ചത് 540 എംപിമാരുടെ പിന്തുണയാണ്

Update: 2022-07-21 15:29 GMT
Advertising

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമു വിജയമുറപ്പിച്ചു. മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ദ്രൗപദി കേവല ഭൂരിപക്ഷം പിന്നിട്ടു. ആകെയുള്ള 3,219 വോട്ടുകളിൽ മുർമുവിന് 2,161 വോട്ടുകളും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിൻഹയ്ക്ക് 1,058 വോട്ടുകളും (വോട്ടുമൂല്യം – 2.61.062) ലഭിച്ചു.

ഇന്ന് ഉച്ചയ്ക്കാണ് വോട്ടെണ്ണൽ തുടങ്ങിയത്.  പാർലമെന്റ് അംഗങ്ങളുടെ വോട്ടാണ് ആദ്യം എണ്ണിയത്. പോൾ ചെയ്ത 748 വോട്ടുകളിൽ 540 വോട്ടുകൾ ദ്രൗപദിക്ക് ലഭിച്ചു. യശ്വന്ത് സിൻഹയ്ക്ക് 204 വോട്ടാണ് ലഭിച്ചത്.

ആകെ 4025 എം.എൽ.എമാർക്കും 771 എം.പിമാർക്കുമാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടുചെയ്തു. വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ മുഖ്യവരണാധികാരിയായ രാജ്യസഭ സെക്രട്ടറി പി.സി.മോദി ഫലപ്രഖ്യാപനം നടത്തും. 

ഒഡിഷ സ്വദേശിയും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ബി.ജെ.പി നേതാവുമാണ് ദ്രൗപദി മുർമു. വിജയിക്കാനാവശ്യമായ പിന്തുണ ഉറപ്പിച്ച ശേഷമാണ് ദ്രൗപദി മുർമുവിനെ സ്ഥാനാർഥിത്വം എൻ.ഡി.എ പ്രഖ്യാപിച്ചത്. 5.33 ലക്ഷമായിരുന്നു ആദ്യഘട്ടത്തിൽ എൻ.ഡി.എയുടെ വോട്ട് മൂല്യം. പിന്നീട് ഘട്ടം ഘട്ടമായി വോട്ട് മൂല്യം വർധിച്ചു. ശിവസേന, ജെ.എം.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് കൂടി പിന്തുണ ലഭിച്ചതോടെ വോട്ട് മൂല്യം 6.61 ലേക്ക് ഉയർന്നു.

പൊതുസമ്മതൻ എന്ന നിലയിലാണ് യശ്വന്ത് സിൻഹയെ പ്രതിപക്ഷം സ്ഥാനാർഥിയാക്കിയത്. 38 പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയാണ് സിൻഹയ്ക്കുളളത്. 4.13 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വോട്ട് മൂല്യം.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News