'ഗുരുദക്ഷിണയിൽ നിന്ന് ആഡംബരത്തിലേക്ക്': ആർഎസ്എസിന്റെ ആസ്ഥാനത്തെ ' ലക്ഷ്വറി ഹോട്ടൽ' എന്ന് വിശേഷിപ്പിച്ച് പ്രിയങ്ക് ഖാർഗെ
' നികുതി വെട്ടിക്കുന്നതും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതും രാജ്യവിരുദ്ധമല്ലേ? '
ബംഗളുരു: ആർഎസ്എസിനെ കടന്നാക്രമിച്ച് കർണാടക മന്ത്രി പ്രയങ്ക് ഖാർഗെ. രജിസ്റ്റർ ചെയ്യാത്ത സംഘടനയായ ആർഎസ്എസ് പണം സമാഹരിക്കുന്ന രീതിയെ വിമർശിച്ചാണ് പ്രിയങ്ക് ഖാർഗെ രംഗത്തുവന്നത്. സമൂഹമാധ്യമമായ എക്‌സിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേശവ്കുഞ്ചിലെ ആർഎസ്എസ് ആസ്ഥാനമന്ത്രിരത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് പ്രിയങ്ക് ഖാർഗെ ഇങ്ങനെ കുറിച്ചു. - ' ഒറ്റ നോട്ടത്തിൽ ഇതൊരു ലക്ഷ്വറി ഹോട്ടലോ മുന്തിയ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സോ ആണെന്ന് തോന്നും. കേശവ്കുഞ്ചിലെ ആർഎസ്എസ് ആസ്ഥാനമന്ദിരമാണിത്. 200 കോടി ചിലവിട്ട് നിർമ്മിച്ച ഈ കെട്ടിടത്തിനുള്ള പണം സമാഹരിച്ചത് ഗുരുദക്ഷിണ വഴിയാണെന്നാണ് പറയുന്നത്. ഭഗവത് ധ്വജ(കാവിപ്പതാക) ത്തെ ഗുരുവായി പരിഗണിച്ചാണ് പണം സമാഹരിക്കുന്നത്. ഫലത്തിൽ ആർക്കും ഒരു പതാകയുടെ പേരിൽ കോടിക്കണക്കിന് രൂപ 'ദക്ഷിണ'യായി ശേഖരിക്കാൻ കഴിയും, എന്നിട്ടും നികുതി അധികൃതരുടെ സാധാരണ പരിശോധനയിൽ നിന്ന് മാറിനിൽക്കാനും സാധിക്കും. നികുതി വെട്ടിക്കുന്നതും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതും രാജ്യവിരുദ്ധമല്ലേ?