കാണാതായ മാധ്യമപ്രവര്‍ത്തകന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍: ഗ്രാമമുഖ്യനും സഹായികളും അറസ്റ്റില്‍

മാധ്യമപ്രവർത്തകന്റെ ഫോൺ പ്രതികൾ കൈവശം വെച്ചു. പല ലൊക്കേഷനുകളിൽ നിന്ന് വിളിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു

Update: 2022-12-25 06:04 GMT
Advertising

റായ്പൂര്‍: കാണാതായ മാധ്യമപ്രവര്‍ത്തകന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയിലാണ് സംഭവം. കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ബൊക്കര്‍ഖര്‍ ഗ്രാമമുഖ്യനെയും മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.

പ്രാദേശിക മാധ്യമപ്രവര്‍ത്തകനും വിവരാവകാശ പ്രവർത്തകനുമായ 32കാരനായ വിവേക് ​​ചൗബേയെ 40 ദിവസം മുന്‍പാണ് കാണാതായത്. നവംബര്‍ 12ന് വീട്ടില്‍ നിന്ന് മോട്ടോര്‍ സൈക്കിളില്‍ പോയ ചൗബേ മടങ്ങിയെത്തിയില്ല. തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. ഒരു തുമ്പും ലഭിക്കാതായതോടെ ചൗബേയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. പിന്നാലെ ഗ്രാമമുഖ്യന്‍ അമിത് യാദവും മാധ്യമപ്രവര്‍ത്തകനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഇതോടെ പൊലീസിന് സംശയം തോന്നി.

ഛത്തീസ്ഗഢ് - മധ്യപ്രദേശ് അതിര്‍ത്തിയായ കുന്ദപാണി ഗ്രാമത്തില്‍ ചൗബേയെ അവസാനമായി കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അസ്ഥികൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ബൈക്ക് കുഴിച്ചിട്ട നിലയിലായിരുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതാണെന്ന് ഗ്രാമമുഖ്യന്‍ സമ്മതിച്ചു. കാണാതായ അന്ന് ചൗബേ ഗ്രാമമുഖ്യനെ കണ്ടിരുന്നു. അന്നു രാത്രി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വിവേകിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഗ്രാമമുഖ്യന്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു. തര്‍ക്കത്തിന് കാരണമെന്തെന്ന് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. മൃതദേഹം കാട്ടില്‍ക്കൊണ്ടുപോയി കത്തിക്കാന്‍ സഹായിച്ച നാല് കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മോട്ടോർ സൈക്കിൾ പല ഭാഗങ്ങളായി പൊളിച്ച് കാട്ടില്‍ കുഴിച്ചിടുകയായിരുന്നു. ചൗബേയുടെ ഫോണ്‍ പ്രതികള്‍ കൈവശം വെച്ചു. പല ലൊക്കേഷനുകളില്‍ നിന്ന് വിളിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചു. യാത്രയിലാണെന്നും ജീവിച്ചിരിപ്പുണ്ടെന്നും വരുത്തിത്തീര്‍ക്കാനാണ് പ്രതികള്‍ ശ്രമിച്ചത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News