റോഹിങ്ക്യൻ കുട്ടികൾക്ക്​ സ്കൂൾ പ്രവേശനത്തിൽ വിവേചനം പാടില്ല: സുപ്രിംകോടതി

ആധാർ കാർഡുകൾ ഇല്ലാത്തതിനാൽ പ്രവേശനം നിഷേധിക്കപ്പെടുകയാണ്​

Update: 2025-02-12 13:00 GMT

ന്യൂഡൽഹി: സ്കൂൾ പ്രവേശനത്തിൽ റോഹിങ്ക്യൻ കുട്ടികളോട് വിവേചനം പാടില്ലെന്ന്​ സുപ്രിംകോടതി. റോഹിങ്ക്യൻ അഭയാർഥികൾക്ക് പൊതുവിദ്യാലയങ്ങളിലും ആശുപത്രികളിലും പ്രവേശനം നൽകാൻ കേന്ദ്രത്തിനും ഡൽഹി സർക്കാരുകൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹരജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്​തമാക്കി. ഇതുസംബന്ധിച്ച്​ റോഹിങ്ക്യ ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് എന്ന എൻ‌ജി‌ഒയാണ്​ കോടതിയെ സമീപിച്ചത്​.

റോഹിങ്ക്യൻ കുടുംബങ്ങൾ എവിടെയാണ് താമസിക്കുന്നത്, ആരുടെ വീട്ടിലാണ് താമസം, അവരുടെ വിവരങ്ങൾ എന്തൊക്കെയാണെന്ന് മാത്രമാണ് കോടതിക്ക് അറിയേണ്ടതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ്​ എന്നിവരടങ്ങിയ ബെഞ്ച് വ്യക്​തമാക്കി. റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസ് (യുഎൻഎച്ച്സിആർ) കാർഡുകളുണ്ടെന്ന് എൻ‌ജി‌ഒയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. ഇതിന്‍റെ വിശദാംശങ്ങളുള്ള സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

റോഹിങ്ക്യൻ കുടുംബങ്ങൾക്ക് ഈ കാർഡുകൾ ഉണ്ടെങ്കിൽ എൻ‌ജി‌ഒയ്ക്ക് വിവരങ്ങൾ നൽകുന്നത് എളുപ്പമാകുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തുടർന്ന് കോടതിയിൽ കൂടുതൽ വിവരങ്ങൾ നൽകാൻ ഗോൺസാൽവസ് സമയം തേടി. പത്ത് ദിവസത്തിന് ശേഷം കേസ് കൂടുതൽ വാദം കേൾക്കാനായി സുപ്രിംകോടതി മാറ്റിവച്ചു.

റോഹിങ്ക്യൻ അഭയാർത്ഥികൾ നഗരത്തിൽ എവിടെയാണ് താമസിക്കുന്നതെന്നും അവർക്ക് ലഭ്യമായ സൗകര്യങ്ങൾ എന്തൊക്കെയാണെന്നും കോടതിയെ അറിയിക്കാൻ സുപ്രിംകോടതി ജനുവരി 31ന് എൻ‌ജി‌ഒയോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ താമസസ്ഥലങ്ങൾ സൂചിപ്പിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും ഗോൺസാൽവസിനോട് ആവശ്യപ്പെട്ടു.

ആധാർ കാർഡുകൾ ഇല്ലാത്തതിനാൽ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽ പൊതുവിദ്യാലയങ്ങളിലും ആശുപത്രികളിലും പ്രവേശനം നൽകണമെന്ന് എൻജിഒ ആവശ്യപ്പെട്ടതായി ഗോൺസാൽവസ് പറഞ്ഞു. ഡൽഹിയിലെ ഷഹീൻ ബാഗ്, കാളിന്ദി കുഞ്ച്, ഖജൂരി ഖാസ് പ്രദേശങ്ങളിലാണ്​ ഇവർ താമസിക്കുന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ആധാർ കാർഡുകൾ പരിഗണിക്കാതെ തന്നെ എല്ലാ റോഹിങ്ക്യൻ കുട്ടികൾക്കും സൗജന്യ പ്രവേശനം നൽകാനും 10, 12 ക്ലാസുകളിലെയും ബിരുദാനന്തര ബിരുദ പരീക്ഷകളിലെയും എല്ലാ പരീക്ഷകളിലും തിരിച്ചറിയൽ രേഖയുടെ നിർബന്ധമില്ലാതെ പങ്കെടുക്കാൻ അനുവദിക്കാനും അധികൃതർക്ക്​ നിർദേശം നൽകണമെന്നാണ് പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്​. സർക്കാർ ആശുപത്രികളിലെ സൗജന്യ ആരോഗ്യ സേവനങ്ങൾ, അന്ത്യോദയ അന്ന യോജന പദ്ധതി പ്രകാരം ലഭ്യമാകുന്ന സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾ, ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ തുടങ്ങിയ എല്ലാ സർക്കാർ ആനുകൂല്യങ്ങളും പൗരത്വം പരിഗണിക്കാതെ ഉറപ്പാക്കണമെന്നും എൻജിഒ ആവശ്യപ്പെട്ടു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News