Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo| Special Arrangement
ബംഗളൂരു: സംസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ബംഗളൂരുവില്‍ ആര്‍എസ്എസ് സ്ഥാപക ദിനം ആചരിക്കുന്നതിന് മുമ്പായിരുന്നു മന്ത്രി പ്രിയങ്ക് ഖര്‍ഗെയുടെയും എംഎല്‍സി ബി കെ ഹരിപ്രസാദിന്റെയും പ്രതികരണം. ആര്‍എസ്എസിന്റെ പ്രകടനങ്ങള്‍ക്കെതിരെയായിരുന്നു ഇരുവരുടെയും പ്രതികരണം.
കർണാടകയിലെ സർക്കാർ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ആർഎസ്എസ് ശാഖകൾ സംഘടിപ്പിക്കുന്നതു നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തെഴുതി. പിന്നാലെ പ്രിയങ്ക് ഖർഗെ മുന്നോട്ട് വച്ച ആവശ്യം പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. പ്രിയങ്കിന്റെ നിർദേശം പരിശോധിക്കാനും ആവശ്യമായ നടപടി ഉടനടി സ്വീകരിക്കാനും ചീഫ് സെക്രട്ടറിക്കുള്ള കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ആര്‍എസ്എസ് സര്‍ക്കാര്‍ മൈതാനങ്ങള്‍ പോലുള്ള പൊതു സ്ഥലങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ നെഗറ്റീവ് ചിന്തകള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നുണ്ടെന്നും പ്രിയങ്ക് ഖര്‍ഗെ കത്തില്‍ പറഞ്ഞു. പൊലീസ് അനുമതിയില്ലാതെ സംഘടനയിലെ അംഗങ്ങള്‍ ലാത്തികള്‍ പിടിച്ചുള്ള പ്രകടനങ്ങള്‍ നടത്തുന്നുണ്ടെന്നും കുട്ടികളുടെ മനസില്‍ തെറ്റായ ചിന്തകള്‍ കടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുസ്ഥലങ്ങളില്‍ ലാത്തിയും വാളും ഉപയോഗിച്ചുള്ള ആര്‍എസ്എസ് പ്രകടനം തീവ്രവാദത്തില്‍ കുറഞ്ഞതല്ലെന്ന് ബി.കെ ഹരിപ്രസാദ് പറഞ്ഞു. സംസ്ഥാനത്ത് ആര്‍എസ്എസും ബജ്‌റംഗ്ദളും നിരോധിക്കുകയെന്നത് കോണ്‍ഗ്രസ് അജണ്ടയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രമേയത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഈ രണ്ട് സംഘടനയും നിരോധിക്കേണ്ട സമയം വന്നെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.