അന്തരിച്ച എംഎൽഎയുടെ ഭാര്യയെ 'ജയിപ്പിക്കാൻ പിന്മാറിയെന്ന്' ബിജെപി ; അന്ധേരി ഈസ്റ്റിൽ ഉദ്ദവ് പക്ഷം വിജയത്തിലേക്ക്

ശിവസേനയിൽ നിന്ന് ഏക്‌നാഥ് ഷിൻഡെയെയും വലിയൊരു വിഭാഗം എംഎൽമാരെയും അടർത്തിയെടുത്ത് സംസ്ഥാനം ബിജെപി ഭരിക്കാൻ തുടങ്ങിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിൽ നടക്കുന്നത്

Update: 2022-11-06 07:37 GMT
Advertising

മുംബൈ: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സംസ്ഥാനങ്ങളിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കവേ അന്ധേരി ഈസ്റ്റിൽ ഉദ്ദവ് താക്കറെ പക്ഷം വിജയത്തിലേക്ക്. അന്ധേരി ഈസ്റ്റിലെ മുൻ എംഎൽഎ രമേഷ് ലത്‌കെയുടെ ഭാര്യ റുതുജാ ലത്‌കെയാണ് ഉദ്ദവ് പക്ഷത്തിന്റെ സ്ഥാനാർഥി. 13ാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ അന്ധേരി ഈസ്റ്റിൽ 48,115 വോട്ടുകളാണ് റുതുജ നേടിയത്. നോട്ടയാണ് തൊട്ടുപിറകിലുള്ളത്. 9547 വോട്ടുകളാണ് നോട്ടക്കുള്ളത്. നോട്ടക്ക് വോട്ടു ചെയ്താൽ 2000 രൂപ നൽകുമെന്ന് എതിരാളികൾ വാഗ്ദാനം ചെയ്തിരുന്നതായി ശിവസേന താക്കറെ വിഭാഗം ആരോപിച്ചിരുന്നു. ദിപശിഖയാണ് ഇവരുടെ ചിഹ്നം.

ശിവസേന വിഘടിച്ച് ഒരു വിഭാഗം ബിജെപിക്കൊപ്പം സംസ്ഥാനം ഭരിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക വിഭാഗം (ശിവസേന ഉദ്ദവ് ബാൽ താക്കറെ) മത്സരിക്കുന്നതിലൂടെ ഏറെ ജനശ്രദ്ധയാകർഷിക്കുന്ന മണ്ഡലമാണ് മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്. ശിവസേനയിൽ നിന്ന് ഏക്‌നാഥ് ഷിൻഡെയെയും വലിയൊരു വിഭാഗം എംഎൽമാരെയും അടർത്തിയെടുത്ത് സംസ്ഥാനം ബിജെപി ഭരിക്കാൻ തുടങ്ങിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിൽ നടക്കുന്നത്. റുതുജയുടെ ഭർത്താവ് രമേഷ് ലത്‌കെ ഹൃദയാഘാതത്തെ തുടർന്ന് 2022ൽ ദുബൈയിൽ വെച്ചാണ് അന്തരിച്ചിരുന്നത്. അന്തരിച്ച എംഎൽഎയുടെ ഭാര്യയെ 'ജയിപ്പിക്കാൻ പിന്മാറിയെന്ന്' അവകാശപ്പെട്ട് ബിജെപി മണ്ഡലത്തിൽ മത്സരിച്ചിരുന്നില്ല. റുതുജക്ക് പുറമേ സ്വതന്ത്ര സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്.

മഹാരാഷ്ട്രക്ക് പുറമേ ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണുകയാണ്. ആദ്യ റൗണ്ടുകൾ പൂർത്തിയായിരിക്കെ ഉത്തർപ്രദേശിലെ ഗോല ഗോകർനാഥ്, ഹരിയാനയിലെ ആദംപൂർ, ബിഹാറിലെ ഗോപാൽഗഞ്ച്, ഒഡിഷയിലെ ധാം നഗർ എന്നിവടങ്ങളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. ബിഹാറിലെ മൊകാമയിൽ തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളാണ് മുമ്പിലുള്ളത്. കെ. ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ്സാണ് മുനുഗോഡെ ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് നിൽക്കുന്നത്.

തെലങ്കാനയിലേയും ഹരിയാനയിലേയും ഉത്തർ പ്രദേശിലേയും ബിഹാറിലേയും ഫലം ബിജെപിക്ക് നിർണ്ണായകമാണ്. ഹിമാചൽ പ്രദേശ് - ഗുജറാത്ത് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ ഫലം ബാധിക്കും. ഹിമാചലിൽ നവംബർ 12 നാണ് വോട്ടെടുപ്പ്. ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടത്തിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 12ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചലിനൊപ്പം ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ആദ്യ ഘട്ടത്തിൽ 89 സീറ്റിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റിലേക്കുമാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനും പല പദ്ധതിപ്രഖ്യാപനങ്ങളും നടത്താൻ അവസരമൊരുക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ ഗുജറാത്തിലെ പ്രഖ്യാപനം നീട്ടുന്നതെന്ന വിമർശനം ഉയർന്നിരുന്നു.

ബോധപൂർവമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചതെന്ന ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ രാജീവ് കുമാർ അവകാശപ്പെട്ടു. കാലാവസ്ഥ, നിയമസഭയുടെ കാലാവധി, പെരുമാറ്റച്ചട്ടം തുടങ്ങി പല ഘടകങ്ങളും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. ഫെബ്രുവരി 18 വരെയാണ് ഗുജറാത്ത് നിയമസഭയുടെ കാലാവധി.

110 ദിവസംമുമ്പാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏതാനും ദിവസംമുമ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ, മോർബി ദുരന്തം കാരണം മാറ്റേണ്ടി വന്നു- രാജീവ് കുമാർ പറഞ്ഞു. ഒക്ടോബർ പകുതിയോടെയാണ് കമീഷൻ ഹിമാചൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Rutuja Latke, wife of ex-MLA Ramesh Latke, candidate of Shivsena UBL in Andheri East, into Victory 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News