വിവാദ വ്യവസായി ലളിത് മോദിയുടെ സഹോദരൻ സമീര്‍ മോദി ബലാത്സംഗക്കേസിൽ അറസ്റ്റിൽ
വ്യാഴാഴ്ച ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് സമീറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്
ഡൽഹി: മുൻ ഐപിഎൽ ചെയർമാനും വിവാദ വ്യവസായിയുമായ ലളിത് മോദിയുടെ സഹോദരനും പ്രമുഖ വ്യവസായിയുമായ സമീര്‍ മോദി ബലാത്സംഗക്കേസിൽ അറസ്റ്റിൽ. വ്യാഴാഴ്ച ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് സമീറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
അതേസമയം, സമീറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ തെറ്റാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു."പരാതി വ്യാജവും കെട്ടിച്ചമച്ചതുമാണ്യ അദ്ദേഹത്തിൽ നിന്ന് പണം തട്ടുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്," സമീറിന്‍റെ അഭിഭാഷകൻ സിമ്രാൻ സിങ് പ്രസ്താവനയിൽ വ്യക്തമാക്കി. സെപ്റ്റംബർ 10 ന് ഫയൽ ചെയ്ത എഫ്‌ഐആർ പ്രകാരം, 2019 മുതൽ ബിസിനസുകാരൻ തന്നെ തുടർച്ചയായി ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും വഞ്ചിക്കുകയും ചെയ്തതായി പരാതിക്കാരി ആരോപിക്കുന്നു. ഫാഷൻ, ലൈഫ്‌സ്റ്റൈൽ വ്യവസായത്തിൽ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് മോദി തന്നെ സമീപിച്ചുവെന്നും പിന്നീട് 2019 ഡിസംബറിൽ ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ വസതിയിൽ വെച്ച് പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
വിവാഹിതനായിട്ടും വിവാഹ വാഗ്ദാനം നൽകി നിരന്തരം പീഡിപ്പിക്കുകയും ആക്രമിക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തുവെന്ന് സ്ത്രീ ആരോപിച്ചു. പീഡനത്തെക്കുറിച്ച് പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.ന്യൂ ഫ്രണ്ട്സ് കോളനി പൊലീസ് സ്റ്റേഷൻ പുറത്തിറക്കിയ ലുക്ക്ഔട്ട് പ്രകാരമാണ് സമീറിനെ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ സമീറിനെ ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. മോദി എന്റർപ്രൈസസിന്‍റെ മാനേജിംഗ് ഡയറക്ടറും മോദികെയർ ഫൗണ്ടേഷന്റെയും കളർബാർ കോസ്മെറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സ്ഥാപകനുമാണ് സമീര്‍ മോദി.