തെലങ്കാനയിൽ സ്കൂളിന് നേരേ ജയ് ശ്രീറാം വിളിച്ച് സംഘ്പരിവാർ ആക്രമണം; മദർ തെരേസാ രൂപം അടിച്ചുതകർത്തു, വൈദികനും മർദനം

യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

Update: 2024-04-17 11:36 GMT
Advertising

ഹൈ​ദരാബാദ്: തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ മദർ തെരേസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരേ സംഘ്പരിവാർ സംഘടനകളുടെ ആക്രമണം. സ്‌കൂൾ യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. അക്രമികൾ മദർ തെരേസയുടെ രൂപം അടിച്ചു തകർക്കുകയും മലയാളി വൈദികനെ മർദിക്കുകയും ചെയ്തു.

ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളം പേരാണ് സ്കൂളിന് നേരേ അക്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. മറ്റു കുട്ടികളെല്ലാം യൂണിഫോം ധരിച്ച് എത്തിയപ്പോൾ പത്തോളം പേർ മതപരമായ വസ്ത്രം ധരിച്ചുവന്നത് അധ്യാപകർ ചോദ്യം ചെയ്തു. മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതർ പറഞ്ഞു.

പിറ്റേ ദിവസമാണ് ഇത്തരത്തിൽ വലിയ ആക്രമണം ഉണ്ടായത്. രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് ഇരച്ചെത്തിയ നൂറോളം വരുന്ന സംഘ്പരിവാർ അക്രമികൾ മദർ തെരേസയുടെ രൂപത്തിനു നേരെ കല്ലെറിയുകയും അടിച്ചുതകർക്കുകയും ചെയ്തു. സ്‌കൂളിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം സ്‌കൂൾ മാനേജറെ കൊണ്ട് നിർബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിക്കുകയും മലയാളി വൈദികരെ മർദിക്കുകയും ചെയ്തു.

സ്കൂളിലെ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും കെട്ടിടത്തിന് മുകളിൽ കാവിക്കൊടി കെട്ടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുഴുവൻ അക്രമികൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News