60,000 പേർക്ക് ബിരിയാണി, വൻ പൊലീസ് സുരക്ഷ; ബംഗാളിലെ 'ബാബരി മസ്ജിദി'ന്റെ തറക്കല്ലിടൽ ചടങ്ങിന് സൗദി പണ്ഡിതരും
തൃണമൂൽ സസ്പെൻഡ് ചെയ്ത എംഎൽഎ ഹൂമയൂൺ കബീറിന്റെ നേതൃത്വത്തിലാണ് പള്ളി നിർമാണം.
കൊൽക്കത്ത: പശ്ചിമബംഗാളിൽ സസ്പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ എംഎൽഎ ഹൂമയൂൺ കബീർ ബാബരി മസ്ജിദ് മാതൃകയിൽ നിർമിക്കുന്ന പള്ളിയുടെ തറക്കല്ലിടൽ ചടങ്ങിലേക്ക് സൗദി പണ്ഡിതർക്കും ക്ഷണം. മുർഷിദാബാദിലെ ബെൽദംഗയിൽ, ബാബരി മസ്ജിദ് ധ്വംസനത്തിന്റെ വാർഷികദിനമായ ഡിസംബർ ആറിനാണ് പള്ളിയുടെ ശിലാസ്ഥാപന ചടങ്ങ്. വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ചടങ്ങിൽ 60,000 പേർക്കുള്ള ബിരിയാണിയാണ് ഒരുക്കിയിരിക്കുന്നത്. ചടങ്ങുമായി ബന്ധപ്പെട്ട് പ്രദേശത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
മുർഷിദാബാദിൽ ബാബരി മസ്ജിദ് മാതൃകയിൽ പള്ളി നിർമിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹൂമയൂൺ കബീറിനെ പാർട്ടി സസ്പെൻഡ് ചെയ്തത്. എന്നാൽ തീരുമാനമാനവുമായി ഹൂമയൂൺ കബീർ മുന്നോട്ടുപോവുകയായിരുന്നു. പരിപാടിയിൽ ഏകദേശം മൂന്ന് ലക്ഷം ആളുകൾ ഒത്തുകൂടുമെന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും സൗദിയിൽ നിന്നുമുള്ള മതപണ്ഡിതർ പങ്കെടുക്കുമെന്നും ഹൂമയൂൺ കബീർ പ്രതികരിച്ചു.
സൗദിയിൽ നിന്നുള്ള രണ്ട് ഖാസിമാർ ഡിസംബർ ആറിന് രാവിലെ കൊൽക്കത്ത വിമാനത്താവളത്തിലെത്തും. അവിടെനിന്ന് പ്രത്യേക വാഹനവ്യൂഹത്തിൽ വേദിയിലേക്ക് വരുമെന്നും എംഎൽഎ വ്യക്തമാക്കി. ദേശീയപാത-12ന് സമീപം ഒരുക്കിയിരിക്കുന്ന വിശാലമായ വേദിയിലാണ് പരിപാടി നടക്കുന്നത്. മുർഷിദാബാദിൽ നിന്നുള്ള ഏഴ് പ്രമുഖ പാചകവിദഗ്ധരാണ് പരിപാടിക്ക് വരുന്നവർക്ക് വിളമ്പാനുള്ള ഷാഹി ബിരിയാണി തയാറാക്കുന്നത്.
അതിഥികൾക്ക് മാത്രം വിതരണം ചെയ്യാൻ 40,000 പൊതി ബിരിയാണിയാണ് ഒരുക്കുന്നതെന്നും പ്രദേശവാസികൾക്കായി 20,000 പൊതികൾ കൂടി തയാറാക്കുന്നുണ്ടെന്നും 30 ലക്ഷം രൂപയാണ് പ്രതീക്ഷിത ഭക്ഷണച്ചെലവെന്നും എംഎൽഎയുടെ സഹായികളിൽ ഒരാൾ പ്രതികരിച്ചു. 60-70 ലക്ഷം രൂപയാണ് വേദിയുടെ നിർമാണത്തിന് മാത്രം ചെലവ്.
150 അടി നീളവും 80 അടി വീതിയുമുള്ള വേദിയിൽ ഏകദേശം 400 അതിഥികൾക്ക് ഇരിക്കാം. സ്റ്റേജ് നിർമാണത്തിന് മാത്രം 10 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പ്രവേശന റോഡുകളിലെ ഗതാഗതം ക്രമീകരിക്കാനും ദേശീയപാതയിലെ തടസങ്ങൾ ഒഴിവാക്കാനുമായി ഏകദേശം 3,000 വളണ്ടിയർമാരെ വിന്യസിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. അതിൽ 2,000 പേരുടെ ജോലി വെള്ളിയാഴ്ച പുലർച്ചെ ആരംഭിച്ചു.
ശനിയാഴ്ച രാവിലെ 10 മണിയോടെ പരിപാടി ഔദ്യോഗികമായി ആരംഭിക്കുമെന്ന് എംഎൽഎ വ്യക്തമാക്കി. ഉച്ചയ്ക്കാണ് ശിലാസ്ഥാപന പരിപാടി. വൈകീട്ട് നാലോടെ പരിപാടി അവസാനിക്കും. ശേഷം മൈതാനം വൃത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൽക്കട്ട ഹൈക്കോടതി നിർദേശത്തെത്തുടർന്ന്, എൻഎച്ച് 12ൽ തടസമില്ലാത്ത ഗതാഗതം ഉറപ്പാക്കാനായി ജില്ലാ പൊലീസ് അധികാരികൾ എംഎൽഎയുമായി ചർച്ച നടത്തിയിരുന്നു. ഏകദേശം 3000 പൊലീസുകാരെയാണ് ബൽദംഗ, റാണിനഗർ പൊലീസ് സ്റ്റേഷൻ പരിധികൾ വിന്യസിച്ചിരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
കഴിഞ്ഞദിവസമാണ്, ഹൂമയൂൺ കബീറിനെ തൃണമൂൽ സസ്പെൻഡ് ചെയ്തത്. പിന്നാലെ, പള്ളി പ്രഖ്യാപനം ആവർത്തിച്ച ഹൂമയൂൺ കബീർ, അടുത്തദിവസം പാർട്ടിയിൽ നിന്ന് രാജിവയ്ക്കുമെന്നും വേണ്ടിവന്നാൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവും കബീർ ഉന്നയിച്ചിരുന്നു. 2026ൽ മമത മുൻ മുഖ്യമന്ത്രിയായി മാറുമെന്നായിരുന്നു എംഎൽഎയുടെ പ്രതികരണം.