ഖനന അഴിമതിക്കേസ്: ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റിൽ
ചത്തീസ്ഗഢിലെ ഏറ്റവും ശക്തരായ ഉദ്യോഗസ്ഥരില്‍ ഒരാളായ സൗമ്യ ചൗരസ്യയെയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്
റായ്പൂർ: ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മന്ത്രിസഭയിലെ പ്രമുഖ ഉദ്യോഗസ്ഥയെ എൻഫോഴ്‌സമെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഖനന അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ബാഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യയ്‌ക്കെതിരെ ഇ.ഡി നടപടി. സാമ്പത്തിക തട്ടിപ്പുകേസിലാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ആദായ നികുതി വകുപ്പിന്റെ പരാതിക്കു പിന്നാലെയാണ് ഇ.ഡിയുടെ നടപടി. ഖനനം ചെയ്യുന്ന കൽക്കരിക്ക് ടണ്ണിന് 25 രൂപ വീതം നിയമവിരുദ്ധമായി ലെവി ചുമത്തിയെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്. ചത്തീസ്ഗഢിലെ പ്രമുഖ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വ്യവസായികളും ഉൾപ്പെടെ പ്രമുഖർക്കെതിരെ അന്വേഷണമുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ ചത്തീസ്ഗഢിലെ പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥൻ സമീർ വിഷ്‌ണോയ് അടക്കം മൂന്നുപേരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഓഫിസുകളിലും വസതികളിലും റെയ്ഡ് നടത്തിയ ശേഷമായിരുന്നു അറസ്റ്റ്. ഫെബ്രുവരിയിൽ ചൗരസ്യയുടെ വീട്ടിലും റെയ്ഡ് നടന്നു. കഴിഞ്ഞ ജൂണിൽ ചത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 100 കോടി രൂപയുടെ ഹവാല ഇടപാട് പിടികൂടിയിരുന്നു.
Summary: Saumya Chaurasia, deputy secretary to Chhattisgarh Chief Minister Bhupesh Baghel, was arrested by the Enforcement Directorate in money laundering case