'സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ ഹിന്ദി വാക്കുകള്‍ തന്നെയുണ്ടാകുമായിരുന്നില്ല'; അമിത് ഷാ

"ഹിന്ദിയില്‍ 'ഡയറക്ടര്‍' എന്ന വാക്കിന് പകരമൊരു വാക്കില്ലായിരുന്നു. സവര്‍ക്കര്‍ 'നിര്‍ദ്ദേശക്' എന്ന വാക്ക് ഇതിന് പകരമായി കണ്ടെത്തി"

Update: 2021-11-14 09:50 GMT
Editor : ijas
Advertising

ഹിന്ദി ഭാഷക്ക് ഹിന്ദുത്വ ദേശീയ നേതാവ് വി.ഡി സവര്‍ക്കര്‍ നല്‍കിയ സംഭാവനകള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ ഹിന്ദി വാക്കുകള്‍ ഇവിടെ നിലനില്‍ക്കില്ലായിരുന്നെന്നും നമ്മള്‍ ഇംഗ്ലീഷ് വാക്കുകള്‍ പകരം ഉപയോഗിക്കേണ്ടി വന്നേനേയെന്നും അമിത് ഷാ പറഞ്ഞു. അഖിലേന്ത്യാ രാജ്ഭാഷാ സമ്മേളനത്തിലാണ് അമിത് ഷാ സവര്‍ക്കറുടെ സംഭാവനകളെ കുറിച്ച് വാചാലനായത്.

"സവര്‍ക്കര്‍ 'സ്വഭാഷ'-ക്കും 'രാജ്ഭാഷ'-ക്കും വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ഹിന്ദി ഭാഷയുടെ ശബ്ദകോശ് നിര്‍മ്മിച്ചതും അദ്ദേഹമാണ്. ഹിന്ദിയില്‍ 'ഡയറക്ടര്‍' എന്ന വാക്കിന് പകരമൊരു വാക്കില്ലായിരുന്നു. സവര്‍ക്കര്‍ 'നിര്‍ദ്ദേശക്' എന്ന വാക്ക് ഇതിന് പകരമായി കണ്ടെത്തി. സമാനമായ രീതിയില്‍ 'ആര്‍ട്ട് ഡയറക്ഷന്‍' എന്ന വാക്കിന് 'കലാ നിര്‍ദ്ദേശക്' എന്ന വാക്കും ഹിന്ദിയില്‍ രൂപപ്പെടുത്തി. ഹിന്ദി ഭാഷയുടെ വികാസത്തിന് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്', അമിത് ഷാ പറഞ്ഞു.

ഹിന്ദിയെ എല്ലാവര്‍ക്കും സ്വീകാര്യമാക്കുന്ന തരത്തില്‍ പരിപോഷിപ്പിക്കണമെന്നും, വിവിധ സംസ്ഥാനങ്ങളിലെ ഭാഷകളിൽ നിന്നുള്ള വാക്കുകൾ ഹിന്ദിയിൽ ഉൾപ്പെടുത്താന്‍ ഒരു മടിയുമുണ്ടാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സംസാരിക്കാനും എഴുതാനും ചിന്തിക്കാനുമുള്ള മാധ്യമം ഹിന്ദിയായി മാറിയാൽ അത് അതിന്‍റേതായ വഴി രൂപപ്പെടുത്തും. എന്നാൽ ഹിന്ദിയെ വഴക്കമുള്ളതാക്കണമെന്നും ഷാ പറഞ്ഞു. വിദേശ ഭാഷയായ ഇംഗ്ലീഷ് ഇന്ത്യക്കാരുടെ മേൽ അടിച്ചേൽപ്പിച്ചതാണ്. ഹിന്ദിയും തദ്ദേശീയ ഭാഷകളും അടിച്ചേൽപ്പിക്കേണ്ടതില്ല, മറിച്ച് നമ്മുടെ പരിശ്രമത്തിലൂടെ സ്വീകാര്യമാക്കേണ്ടതുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Summary: Amit Shah said that without Savarkar, Hindi words would not have existed here and we would have had to use English words instead.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News