ക്രിസ്ത്യാനിയായ ഒരാൾക്ക് പട്ടികജാതി പദവി നൽകുന്നത് ഭരണഘടന വഞ്ചന: മദ്രാസ് ഹൈക്കോടതി

സ്വമേധയാ ക്രിസ്തുമതം സ്വീകരിച്ചവർക്ക് പൊതുജോലിക്ക് വേണ്ടിയും പട്ടികജാതിക്കാരാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു

Update: 2025-05-17 05:41 GMT

മധുര: ക്രിസ്ത്യാനിയായ ഒരാൾക്ക് പട്ടികജാതി സമുദായ പദവി നൽകുന്നത് ഭരണഘടനയെ വഞ്ചിക്കുന്നതാണെന്ന് മദ്രാസ് ഹൈക്കോടതി. പട്ടികജാതി സംവരണ സ്ഥാനത്തേക്ക് വ്യാജമായി തെരെഞ്ഞെടുക്കപ്പെട്ട തെരൂർ പഞ്ചായത്തിലെ വനിതാ ചെയർപേഴ്‌സണെ അയോഗ്യയാക്കിയ വിധിയിലാണ് കോടതിയുടെ നിരീക്ഷണം.

2022ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണമുള്ള എട്ടാം വാർഡിൽ നിന്ന് മത്സരിച്ച എഐഎഡിഎംകെയുടെ വി അമുദ റാണി തെരൂർ ടൗൺ പഞ്ചായത്ത് ചെയർപേഴ്‌സണായി തെരെഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പട്ടികജാതിക്കാരനായ വി. ഇയ്യപ്പൻ എന്നയാൾ 2023ൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 'ചെയർപേഴ്‌സൺ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പിൽ ഞാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. പട്ടികജാതി വിഭാഗത്തിൽ പെട്ടയാളാണെന്ന് അവകാശപ്പെട്ട് അമുദ റാണിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അവർ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. അവർ ആദ്യം പട്ടികജാതി വിഭാഗത്തിൽ പെട്ടയാളാണെങ്കിലും 2005ൽ അവർ വിവാഹസമയത്ത് ക്രിസ്തുമതം സ്വീകരിച്ചു.' ഇയ്യപ്പൻ പറഞ്ഞു.

Advertising
Advertising

ഹിന്ദു, സിഖ്, ബുദ്ധമതം എന്നിവയല്ലാതെ മറ്റേതെങ്കിലും മതത്തിലേക്ക് ഒരാൾ മതം മാറിയാൽ പട്ടികജാതി സംവരണത്തിന്റെ ആനുകൂല്യങ്ങൾ അവകാശപ്പെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇയ്യപ്പൻ കോടതിയിൽ ഹർജി നൽകി. 1872-ലെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം അനുസരിച്ച് മതം മാറിയതിനും വിവാഹം കഴിഞ്ഞതിനും ശേഷം അവർക്ക് സ്വയം ഒരു 'ഹിന്ദു'വായി അവകാശപ്പെടാൻ കഴിയില്ലെന്ന് ഹർജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് എൽ വിക്ടോറിയ ഗൗരി നിരീക്ഷിച്ചു. സ്വമേധയാ ക്രിസ്തുമതം സ്വീകരിച്ച അവർക്ക് പൊതുജോലിക്ക് വേണ്ടിയും പട്ടികജാതിക്കാരിയാണെന്ന് അവകാശപ്പെടാൻ കഴിയില്ലയെന്നും കോടതി നിരീക്ഷിച്ചു.

'രണ്ട് വ്യത്യസ്ത മതങ്ങൾ തമ്മിലുള്ള വിവാഹങ്ങളിൽ ഒരു വ്യക്തിയുടെ സാമൂഹിക-മതപരമായ ഐഡന്റിറ്റി നിലനിർത്തുന്നതിന് സ്വീകരിക്കാവുന്ന ഏക മാർഗം 1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹതിരാവുകയെന്നതാണ്. മതം കൊണ്ട് ക്രിസ്ത്യാനിയായ അമുദ റാണിക്ക് പട്ടികജാതി സമുദായ പദവി നൽകിയത് ഭരണഘടനയോടുള്ള വഞ്ചനയല്ലാതെ മറ്റൊന്നുമല്ല.' തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാൻ അധികാരികളോട് നിർദ്ദേശിച്ചു കൊണ്ട് ജഡ്ജി പറഞ്ഞു.


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News