പഠനം ഉപേക്ഷിച്ച് ഹെലികോപ്റ്റര്‍ നിര്‍മാണത്തിനിറങ്ങി, പരീക്ഷണ പറക്കലില്‍ പങ്ക കഴുത്തില്‍ പതിച്ച് മരിച്ചു

ത്രീ ഇഡിയറ്റ്സ് സിനിമ കണ്ടതോടെയാണ് ഇസ്മായിലിന് സ്വന്തമായി എന്തെങ്കിലും നിര്‍മ്മിക്കണമെന്ന ആഗ്രഹമുദിക്കുന്നത്. യൂ ട്യൂബ് വീഡിയോകളിലൂടെ ഹെലികോപ്റ്ററിന്‍റെ നിര്‍മാണവും ഡിസൈനിങ്ങും പഠിച്ചു

Update: 2021-08-12 10:03 GMT
Editor : ijas

സ്ക്കൂള്‍ പഠനം ഉപേക്ഷിച്ച് സ്വപ്നമായ ഹെലികോപ്റ്റര്‍ നിര്‍മാണത്തിനിറങ്ങിയ യുവാവ് പരീക്ഷ പറക്കലിനിടെ പങ്ക കഴുത്തില്‍ പതിച്ചു മരിച്ചു. മഹാരാഷ്ട്രയിലെ യവത്മാലിലെ ഫുല്‍സാംവംഗി ഗ്രാമത്തിലാണ് മെക്കാനിക്കായ ഷേക്ക് ഇസ്മായീല്‍ ഷേക് ഇബ്രാഹീം എന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്.

എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ഷേക് ഇബ്രാഹീം സഹോദരന്‍ മുസവ്വിറിന്‍റെ ഗ്യാസ് വെല്‍ഡിങ് വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. ത്രീ ഇഡിയറ്റ്സ് സിനിമ കണ്ടതോടെയാണ് ഇസ്മായിലിന് സ്വന്തമായി എന്തെങ്കിലും നിര്‍മ്മിക്കണമെന്ന ആഗ്രഹമുദിക്കുന്നത്. യൂ ട്യൂബ് വീഡിയോകളിലൂടെ ഹെലികോപ്റ്ററിന്‍റെ നിര്‍മാണവും ഡിസൈനിങ്ങും പഠിച്ച ഇസ്മായില്‍ രണ്ട് വര്‍ഷമായി ഇതിന്‍റെ നിര്‍മാണത്തിലായിരുന്നു. ഇതിനായി ഹെലികോപ്റ്ററിന്‍റെ വിവിധ പാര്‍ട്സുകളും ഇസ്മായില്‍ വരുത്തിച്ചു. മാരുതി 800 കാറിന്‍റെ എന്‍ജിന്‍ ഉപയോഗിച്ച് സ്റ്റീല്‍ പൈപ്പുകള്‍ വെല്‍ഡ് ചെയ്ത് ഒറ്റ സീറ്റിലാണ് ഇസ്മായില്‍ തന്‍റെ സ്വപ്ന ഹെലികോപ്റ്റര്‍ പണികഴിപ്പിച്ചത്.

Advertising
Advertising

ഈ വരുന്ന സ്വാതന്ത്രൃ ദിനത്തില്‍ തന്‍റെ പണികഴിഞ്ഞ ഹെലികോപ്റ്റര്‍ പൊതുജനങ്ങളെ കാണിക്കണമെന്ന വാശിയിലാണ് നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കിയത്. അതിനിടെയാണ് കഴിഞ്ഞ ദിവസം പരീക്ഷണത്തിനിടെ അപ്രതീക്ഷിതമായി ഹെലികോപ്റ്ററിന്‍റെ പങ്ക തകര്‍ന്ന് ഇസ്മായിലിന്‍റെ കഴുത്തില്‍ പതിച്ചത്. ചികിത്സയിലായിരിക്കെ ഇന്നലെയാണ് ഇസ്മായില്‍ മരണപ്പെട്ടത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News