അയോധ്യയില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നുവെന്ന പരാതി; അധ്യാപകര്‍ക്കെതിരെ കേസെടുത്തു

മകളെ അധ്യാപകര്‍ കൂട്ടബലാത്സംഗം ചെയ്ത ശേഷം സ്കൂളിന്‍റെ ടെറസില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിതാവ്

Update: 2023-05-28 07:52 GMT
Advertising

അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് പരാതി. മകളെ അധ്യാപകര്‍ കൂട്ടബലാത്സംഗം ചെയ്ത ശേഷം ടെറസില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിതാവ് പരാതി നല്‍കി. സ്കൂള്‍ പ്രിന്‍സിപ്പലിനും രണ്ട് അധ്യാപകര്‍ക്കുമെതിരെ എതിരെ കേസെടുത്തു.

വേനലവധിക്കാലമായിട്ടും മെയ് 26ന് രാവിലെ തന്‍റെ മകളോട് പ്രിന്‍സിപ്പല്‍ സ്കൂളില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടെന്ന് പിതാവ് പറയുന്നു. വെള്ളിയാഴ്ച രാവിലെ 9.50ഓടെ, സ്‌കൂൾ അധികൃതർ തന്നോട് ആശുപത്രിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്ന് പിതാവ് പറഞ്ഞു. മകള്‍ക്ക് ഊഞ്ഞാലിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് പറഞ്ഞത്. എന്നാൽ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പെണ്‍കുട്ടി സ്കൂള്‍ കെട്ടിടത്തില്‍ നിന്നാണ് വീണതെന്ന് വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു.

"മെയ് 26ന് രാവിലെ 8.30ഓടെ, സ്‌കൂൾ പ്രിൻസിപ്പൽ വേനലവധിയായിട്ടും എന്റെ മകളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി. പ്രിൻസിപ്പൽ രണ്ട് പുരുഷന്മാർക്കൊപ്പം തന്നെ പറഞ്ഞുവിട്ടെന്നും അവരിൽ ഒരാൾ കായികാധ്യാപകനായിരുന്നുവെന്നും ഞാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ മകള്‍ കരഞ്ഞുപറഞ്ഞു. അവര്‍ അവളെ കൂട്ടബലാത്സംഗം ചെയ്തു. അതിനുശേഷം സ്‌കൂളിന്റെ ടെറസിൽ നിന്ന് താഴേക്ക് എറിഞ്ഞു. എന്നിട്ട് വീണു മരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അവൾ ചികിത്സയ്ക്കിടെ മരിച്ചു"- പെണ്‍കുട്ടിയുടെ പിതാവ് പരാതിയിൽ പറഞ്ഞു.

കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ഡി (കൂട്ടബലാത്സംഗം), 302 (കൊലപാതകം) 201 (കുറ്റകൃത്യം മറച്ചുവെയ്ക്കല്‍), 120 ബി (ക്രിമിനൽ ഗൂഢാലോചന), പോക്സോ വകുപ്പിലെ സെക്ഷന്‍ 3, 4 എന്നിവ പ്രകാരമാണ് കേസെടുത്തത്. സ്കൂള്‍ പ്രിന്‍സിപ്പല്‍, കായികാധ്യാപകന്‍ ഉള്‍പ്പെടെ രണ്ട് അധ്യാപകര്‍ എന്നിവര്‍ക്കതിരെയാണ് കേസെടുത്തതെന്ന് ഐ.ജി പ്രവീണ്‍ കുമാര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായെന്നും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും ഐ.ജി വ്യക്തമാക്കി. കായികാധ്യാപകനെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News